by webdesk3 on | 13-03-2025 03:52:48 Last Updated by webdesk3
കണ്ണൂരില്‍ പനി ബാധിച്ച എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ഡോസ് കൂടിയ മരുന്ന് നല്‍കിയ മെഡിക്കല്‍ സ്റ്റോറ് വിവാദത്തില്‍. ഫാര്‍മസിസ്റ്റുകളുടെ വീഴ്ചയാല്‍ കുട്ടിക്ക് മൂന്നിരട്ടി ഡോസ് കൂടിയ മരുന്ന് നല്‍കിയതായാണ് പരാതി. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ശനിയാഴ്ച പനി ബാധിച്ച കുഞ്ഞിനൊപ്പം വീട്ടുകാര്‍ പഴയങ്ങാടിയിലെ ക്ലിനിക്കിലെത്തിയപ്പോള്‍, ഡോക്ടര്‍ കാല്‍പോള്‍ സിറപ്പ് കുറിച്ച് നല്‍കി. എന്നാല്‍, വീട്ടുകാര്‍ കൃത്യമായി കുറിപ്പടിയുമായി എത്തിയിട്ടും കണ്ണൂരിലെ ഖദീജ മെഡിക്കല്‍ സ്റ്റോറിലെ ഫാര്‍മസിസ്റ്റുകള്‍ എടുത്ത് നല്‍കിയത് കാല്‍പോള്‍ ഡ്രോപ്പായിരുന്നു. മാറ്റം ശ്രദ്ധിക്കാതെ മൂന്ന് നേരം കുട്ടിക്ക് ഈ മരുന്ന് നല്‍കി.
പനി അതിവേഗം മാറിയെങ്കിലും കുട്ടിക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടതോടെ വീട്ടുകാര്‍ വീണ്ടും ഡോക്ടറെ സമീപിച്ചു. അപ്പോഴാണ് മരുന്ന് തെറ്റായി നല്‍കിയ വിവരം അറിഞ്ഞത്. ഡോക്ടര്‍ ഉടന്‍ ലിവര്‍ ഫംഗ്ഷന്‍ ടെസ്റ്റ് നിര്‍ദേശിച്ചപ്പോള്‍ ഫലങ്ങളില്‍ ഗുരുതര മാറ്റം കണ്ടെത്തി. തുടര്‍ന്ന് കുട്ടിയെ കണ്ണൂരിലെ ആസ്റ്റര്‍ മിംസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് ആരോഗ്യ വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.