by webdesk2 on | 13-03-2025 01:37:41 Last Updated by webdesk3
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ രാഷ്ട്രീയം കളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. ആശാവര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലിലെത്തി പിന്തുണയറിയിച്ച അദ്ദേഹം ആശമാരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ടു.
കേന്ദ്ര സര്‍ക്കാര്‍ ചെയ്യാന്‍ കഴിയാവുന്ന സഹായം കൃത്യമായി ചെയ്തിട്ടുണ്ടെന്നും വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തം എന്തുകൊണ്ട് നിറവേറ്റുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു. ആരോഗ്യമേഖലയിലെ മുന്‍ നിര പോരാളികളാണ് ആശമാര്‍, അവരെ 32 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ഇരുത്തി സമരം ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിക്കുകയല്ലാതെ അവരെ ചര്‍ച്ചയ്ക്ക് വിളിച്ച് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കേരളാമോഡല്‍ പറഞ്ഞു നടക്കുന്നവര്‍ ശ്രമിക്കാത്തത് ശരിയായ കാര്യമല്ല. ചര്‍ച്ച നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ധാര്‍മിക ഉത്തരവാദിത്വമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
വിഷയത്തില്‍ രാഷ്ട്രീയം കാണരുതെന്നും മുഖ്യമന്ത്രി ആശമാരെ വിളിച്ചിരുത്തി പ്രശ്നം ചര്‍ച്ചചെയ്യണമെന്നും ബിജെപി നേതാവ് അഭ്യര്‍ത്ഥിച്ചു. കുറെ ആളുകള്‍ ആശാപ്രവര്‍ത്തകരുടെ സമരത്തില്‍ രാഷ്ടീയം കളിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ കുറച്ച് പ്രസ്താവനകള്‍ പറഞ്ഞിട്ട് കാര്യമില്ല സമരം ചെയ്യുന്നവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളുമാണ് കേള്‍ക്കേണ്ടത്. കേരളത്തിന്റെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആശമാരെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
ആശാവര്‍ക്കര്‍മാരുടെ സമരം 32 ആം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ സന്ദര്‍ശനം. ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടേറിയറ്റിലെ സമരപ്പന്തലിന് മുന്നില്‍ ആശമാര്‍ പ്രതിഷേധ പൊങ്കാലയര്‍പ്പിച്ചു. കേന്ദ്രമന്ത്രി സുരേഷ്ഗോപിയും ആശാവര്‍ക്കര്‍മാരുടെ പ്രതിഷേധ പന്തലിലെത്തി ഐക്യദാര്‍ഢ്യം അറിയിച്ചിരുന്നു.