by webdesk2 on | 13-03-2025 07:30:56 Last Updated by webdesk3
തിരുവനന്തപുരം: കഴിഞ്ഞ 32 ദിവസമായി സമരം തുടരുന്ന ആശാവര്‍ക്കേഴ്സ് ആറ്റുകാല്‍ പൊങ്കാല ദിവസമായ ഇന്ന് സെക്രട്ടറിയേറ്റ് പടിക്കല്‍ പ്രതിഷേധ പൊങ്കാലയിടും. പ്രതിഷേധത്തിന്റെ മാത്രം ഭാഗമായല്ല, വിശ്വാസത്തിന്റെ കൂടെ ഭാഗമായാണ് പൊങ്കാല എന്ന് സമരക്കാര്‍ പറഞ്ഞു. സമരം തുടരുന്നതിനാല്‍ മറ്റെവിടെയും പോകാന്‍ കഴിയാത്തതിനാലാണ് സെക്രട്ടറിയേറ്റ് പടിക്കല്‍ തന്നെ പൊങ്കാലയിടുന്നതെന്നും സമരക്കാര്‍ അറിയിച്ചു.
തങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ച് ആവശ്യങ്ങള്‍ പരിഹരിച്ച് തങ്ങളെ ഈ തെരുവിലെ സമരപ്പന്തലില്‍ നിന്ന് രക്ഷിക്കണേ എന്ന ഒറ്റപ്രാര്‍ത്ഥനയാണ് എല്ലാവര്‍ക്കുമുള്ളതെന്ന് ആശമാര്‍ പറഞ്ഞു. ഇത്തരമൊരു പൊങ്കാല തങ്ങള്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. ഇതിനെ ഒരു പ്രതിഷേധം മാത്രമായി കാണരുതെന്നും ഇത് തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗം തന്നെയാണെന്നും ആശമാര്‍ പറഞ്ഞു.
അതേസമയം ആറ്റുകാല്‍ ക്ഷേത്രത്തിലും പരിസരത്തും തിരുവനന്തപുരം നഗരത്തിന്റെ വിവിധയിടങ്ങളിലും സ്ത്രീകളായ ഭക്തലക്ഷങ്ങള്‍ പൊങ്കാലയിടാന്‍ ഒരുങ്ങുകയാണ്. സര്‍വാഭരണ വിഭൂഷിതയായ ആറ്റുകാലമ്മയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹത്താല്‍ ദൂരെ ദിക്കുകളില്‍ നിന്ന് വരെ നിരവധി പേരാണ് ആറ്റുകാലിലേക്ക് എത്തുന്നത്.