by webdesk2 on | 12-03-2025 11:09:29 Last Updated by webdesk3
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് അമ്പത്തിയേഴുകാരി മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ കുടലിന് മുറിവേല്‍ക്കുകയും തുടര്‍ന്നുണ്ടായ അണുബാധയുമാണ് മരണത്തിന് കാരണം.
ഈ മാസം ഏഴിനായിരുന്നു ശസ്ത്രക്രിയ. ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സ തേടിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. വിലാസിനിയുടെ കുടലിന് ചെറിയ മുറിവ് പറ്റിയതായി ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. തുന്നലുണ്ടെന്നും എന്നാല്‍ പേടിക്കേണ്ട കാര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു.
എട്ടാം തീയതി വാര്‍ഡിലേക്കു മാറ്റി. ഞായറാഴ്ച മുതല്‍ സാധാരണ ഭക്ഷം നല്‍കാമെന്ന് അറിയിച്ചു. എന്നാല്‍ ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദന അനുഭവപ്പെട്ടു. ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചപ്പോള്‍ ഗ്യാസിന്റെ പ്രശ്‌നമാണെന്നാണ് പറഞ്ഞത്. തുടര്‍ന്ന് അതിനുള്ള മരുന്നും നല്‍കി. പിന്നീട് വയറുവേദന കൂടിയതതോടെ അണുബാധയുണ്ടെന്നും വീണ്ടും ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. പിന്നീട് ശസ്ത്രക്രിയ നടത്തുകയും അണുബാധ കരളിലേക്ക് ബാധിച്ചെന്നും ഡോക്ടര്‍മാര്‍ പറഞ്ഞെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ശസ്ത്രക്രിയ നടത്തിയെങ്കിലും ചൊവ്വാഴ്ചയോടെ ആരോഗ്യം വഷളായി. ഇന്നു പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. മെഡിക്കല്‍ കോളജില്‍നിന്നു മറ്റൊരു ആശുപത്രിയിലേക്കു മാറ്റാന്‍ ശ്രമിച്ചെങ്കിലും ആരോഗ്യനില വഷളായതിനാല്‍ സാധിച്ചില്ലെന്നും ബന്ധുക്കള്‍ അറിയിച്ചു. ഹൃദയസ്തംഭനം മൂലമാണു മരണം സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നു പ്രതികരണം വന്നിട്ടില്ല.
കുടലിനെ ബാധിച്ച മുറിവ് കൃത്യമായി ചികിത്സിക്കാത്തതാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നാണ് വിവരം. സംഭവത്തില്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളേജ് പൊലീസിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്.