by webdesk2 on | 11-03-2025 10:06:47 Last Updated by webdesk3
പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ നടത്തിയ പരസ്യ പ്രതികരണത്തില്‍ നിലപാട് മയപ്പെടുത്തി എ പദ്മകുമാര്‍ രംഗത്ത്.പറഞ്ഞത് തെറ്റായിപ്പോയി.അതിന്റെ പേരില്‍ അച്ചടക്ക നടപടി വന്നാലും വിഷമം ഇല്ലെന്നും പദ്മകുമാര്‍ പറഞ്ഞു.
കേഡറിന് തെറ്റ് പറ്റിയാല്‍ അത് തിരുത്തുന്ന പാര്‍ട്ടി ആണ് സിപിഎം. നാളെ ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കും.അന്‍പത് വര്‍ഷത്തിലേറെ പ്രവര്‍ത്തന പാരമ്പര്യമുള്ള തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പെടുത്താതിരുന്നപ്പോള്‍ വൈകാരികമായി പ്രതികരിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു. പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയനാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സമിതിയില്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുന്‍ എംഎല്‍എയുമായ എ.പദ്മകുമാര്‍ പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. 52 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിനു ലഭിച്ചത് ചതിവ്, വഞ്ചന, അവഹേളനം എന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 52 വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമായിട്ടും അവഗണിച്ചു എന്ന നിലപാടായിരുന്നു പത്മകുമാറിന്.
പദ്മകുമാറിനെ അനുനയിപ്പിക്കാന്‍ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആറന്മുളയിലെ പദ്മകുമാറിന്റെ വീട്ടില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. പദ്മകുമാറിനെ സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതിലെ അതൃപ്തി പാര്‍ട്ടി പരിശോധിക്കുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം രാജു എബ്രഹാം പറഞ്ഞിരുന്നു. പദ്മകുമാറിന്റെ പരാതി സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും രാജു എബ്രഹാം പറഞ്ഞിരുന്നു. രാജു എബ്രഹാമിനൊപ്പം സിഐടിയുസംസ്ഥാന വൈ പ്രസിഡന്റ് പി ബി ഹര്‍ഷകുമാറുമുണ്ടായിരുന്നു.