by webdesk2 on | 11-03-2025 08:06:20
ജിദ്ദ: റഷ്യ-യുക്രെയ്ന്‍ സമാധാന ചര്‍ച്ച ഇന്ന് ജിദ്ദയില്‍ നടക്കും. യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക-യുക്രെയ്ന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തും. ഭാഗിക വെടിനിര്‍ത്തലിന് യുക്രൈന്‍ തയ്യാറാകുമെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക് റൂബിയോ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഇന്ന് നടക്കുന്ന സമാധാന ചര്‍ച്ചയില്‍ സെലന്‍സ്‌കി നേരിട്ട് പങ്കെടുക്കുന്നില്ല. സൗദിയുടെ മധ്യസ്ഥതയില്‍ ഇന്ന് നടക്കുന്ന അമേരിക്ക-യുക്രെയ്ന്‍ ഉന്നത തല ചര്‍ച്ചയില്‍ വ്യോമ നാവിക വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ട് വെയ്ക്കുമെന്നാണ് റിപോര്‍ട്ട്. ജിദ്ദയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ശുഭാപ്തി വിശ്വാസമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു.
ചര്‍ച്ചയ്ക്ക് മുന്നോടിയായി യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി ഇന്നലെ ജിദ്ദയിലെത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തി. സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും സൗദി കൂടെയുണ്ടാകുമെന്ന് കിരീടാവകാശി ഉറപ്പ് നല്‍കി. കൂടാതെ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ നേതൃത്വത്തിലുളള സംഘം ഇന്നലെ ജിദ്ദയിലെത്തി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.