by webdesk2 on | 11-03-2025 06:55:26 Last Updated by webdesk3
ന്യൂഡല്‍ഹി: മൗറീഷ്യസ് 57-ാം ദേശീയ ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി മോദി മൗറീഷ്യസിലേക്ക് യാത്രതിരിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തന്ത്രപ്രധാന പങ്കാളിത്ത രാഷ്ട്രമാണ് മൗറീഷ്യസെന്ന് ദ്വിദിന സന്ദര്‍ശനത്തിന് പുറപ്പെടും മുമ്പ് മോദി പറഞ്ഞു. 2015ലെ ദേശീയ ദിനാഘോഷത്തിലും മോദിയായിരുന്നു മുഖ്യാതിഥി.
മൗറീഷ്യസ് പ്രധാനമന്ത്രി ഡോ. നവീന്‍ചന്ദ്ര രാംഗൂലത്തിന്റെ പ്രത്യേകക്ഷണം സ്വീകരിച്ചാണ് സന്ദര്‍ശനം. മൗറീഷ്യസിലെ 34 മന്ത്രിമാരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തും. ചരിത്രവും ഭൂമിശാസ്ത്രവും സംസ്‌ക്കാരവും ചേര്‍ത്തുനിര്‍ത്തുന്ന രണ്ടുരാജ്യങ്ങളാണ് ഇന്ത്യയും മൗറീഷ്യസുമെന്ന് മോദി വിശേഷിപ്പിച്ചു.
ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ സുരക്ഷയ്ക്കും വികസനത്തിനും വേണ്ടി ഇരുരാജ്യങ്ങളുടേയും ശാശ്വതമായ സൗഹൃദം ശക്തിപ്പെടുത്തുന്നതിനുള്ള അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ദേശീയ ദിനാഘോഷത്തില്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലും വ്യോമസേനയുടെ ആകാശഗംഗ സ്‌കൈ ഡൈവിംഗ് ടീം, നാവികസേനയുടെ മാര്‍ച്ചിംഗ് സംഘവും പങ്കാളികളാകും.