by webdesk2 on | 10-03-2025 07:03:41 Last Updated by webdesk2
തിരുവനന്തപുരം: തിരുവനന്തപുരത്തും കന്യാകുമാരിയിലും കള്ളക്കടല്‍ പ്രതിഭാസത്തില്‍ ജാഗ്രതാ നിര്‍ദേശം. ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ ബുധന്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.2 മീറ്റര്‍ വരെയും കന്യാകുമാരി തീരത്ത് ചൊവ്വ രാവിലെ 08.30 മുതല്‍ ബുധന്‍ രാത്രി 11.30 വരെ 0.1 മുതല്‍ 1.3 മീറ്റര്‍ വരെയും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.
അതേസമയം നാളെ തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയെത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.