by webdesk2 on | 09-03-2025 12:28:53 Last Updated by webdesk3
കോഴിക്കോട്: താമരശ്ശേരിയില്‍ പത്താം ക്ലാസ്സുകാരനായ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകത്തില്‍ കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് എതിരെ ഊമക്കത്ത് ലഭിച്ച സംഭവത്തില്‍ താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലുള്ള വിദ്യാര്‍ഥികളെ വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തി താമരശ്ശേരി കോരങ്ങാട് ജിവിഎച്ച്എസ്എസിലെ പ്രധാന അധ്യാപകനായിരുന്നു ഊമക്കത്ത് ലഭിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് ഏതാനും പരീക്ഷകള്‍ മാത്രമേ എഴുതാന്‍ കഴിയൂ എന്നും പരീക്ഷകള്‍ തീരുന്നതിനു മുന്‍പ് അപായപ്പെടുത്തുമെന്നും കത്തില്‍ പറയുന്നു. സ്‌കൂള്‍ അധികൃതര്‍ കത്ത് കൈമാറിയതിന് പിന്നാലെയാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
അതേസമയം ഷഹബാസ് കൊലപാതകത്തില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചു. ഷഹബാസിനെ ആക്രമിക്കാന്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലൂടെ ആഹ്വാനം ചെയ്തവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. നിലവില്‍ 6 വിദ്യാര്‍ഥികളാണ് കസ്റ്റഡിയിലുള്ളത്. കൂടുതല്‍ വിദ്യാര്‍ഥികളുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.