by webdesk2 on | 09-03-2025 09:17:42 Last Updated by webdesk3
കാലിഫോര്‍ണിയ: യുഎസിലെ ദക്ഷിണ കാലിഫോര്‍ണിയയില്‍ സ്ഥിതി ചെയ്യുന്ന ഹൈന്ദവ ക്ഷേത്രത്തിന് നേരെ ഖലിസ്ഥാന്‍ വാദികളുടെ അതിക്രമം. ക്ഷേത്രത്തിന്റെ ചുവരുകളില്‍ ഇന്ത്യാവിരുദ്ധവും ഖലിസ്ഥാന്‍ അനുകൂല ചുവരെഴിത്തുകള്‍ കൊണ്ട് വൃകൃതമാക്കി. ദക്ഷിണ കാലിഫോര്‍ണിയയില്‍ സ്ഥിതിചെയ്യുന്ന ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ബാപ്‌സ് ശ്രീ സ്വാമിനാരായണ്‍ മന്ദിര്‍ ആണ് ആക്രമിക്കപ്പെട്ടത്.
കാലിഫോര്‍ണിയയിലെ ഷിനോ ഹില്‍സിലാണ് ഈ ക്ഷേത്രമുള്ളത്. ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന പരാമര്‍ശങ്ങളും ക്ഷേത്രചുവരില്‍ എഴുതിയിട്ടുണ്ട്. ക്ഷേത്രചുവരുകളില്‍ കരിതേച്ച് വികൃതമാക്കിയതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് നടക്കുന്ന ഏഴാമത്തെ സംഭവമാണിതെന്നാണ് റിപ്പോര്‍ട്ട്.
ആക്രമണത്തെ ബാപ്‌സ് പബ്ലിക് അഫയേഴ്സ് അപലപിച്ചു. എല്ലാവിധ വിദ്വേഷങ്ങള്‍ക്കെതിരെയും ഉറച്ചുനില്‍ക്കുന്നവരാണ് ഹിന്ദു സമൂഹമെന്നും ദക്ഷിണ കാലിഫോര്‍ണിയയില്‍ ഹിന്ദുവിദ്വേഷം വേരൂന്നാന്‍ അനുവദിക്കില്ലെന്നും എക്‌സില്‍ കുറിച്ചു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ന്യൂയോര്‍ക്കിലെ ബാപ്‌സ് ക്ഷേത്രത്തിന് നേരെ സമാനമായ ആക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സാക്രമെന്റോയിലെ ബാപ്‌സ് ശ്രീ സ്വാമിനാരായണ ക്ഷേത്രത്തിലെ ചുവരുകളും പ്രകോപനപരമായ സന്ദേശങ്ങള്‍ കൊണ്ട് വികൃതമാക്കപ്പെട്ടിരുന്നു.