by webdesk3 on | 08-03-2025 11:38:56 Last Updated by webdesk3
സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വീണ്ടും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ മുഖ്യമന്ത്രിയെ ചൊടിപ്പിച്ച മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് വിളിച്ച് തന്നെയാണ് അദ്ദേഹം വീണ്ടും വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ തിരിച്ചെടുത്ത സംഭവത്തില്‍ താങ്കള്‍ കേരളത്തിലെ ജനങ്ങള്‍ക്കു വേണ്ടിയാണോ ഭരിക്കുന്നത് അതോ കേരളത്തിന്റെ അധോലോകത്തെ സംരക്ഷിക്കാനാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
സ്വര്‍ണക്കടത്തില്‍ ആരോപണവിധേയനായ ഒരു ഐപിഎസ് ഉദ്യോഗസ്ഥനെ അന്വേഷണം കഴിയും മുമ്പ് തന്നെ അടിയന്തിരമായി തിരിച്ചെടുക്കാന്‍ മാത്രം എന്ത് അത്യാവശ്യമാണ് ഇവിടെ ഉണ്ടായിരുന്നത്. ഇതുവഴി എന്തു സന്ദേശമാണ് താങ്കള്‍ കേരളത്തിലെ ജനതയ്ക്കു നല്‍കുന്നത്. സിപിഎം സംസ്ഥാന സമ്മേളനം നടക്കുമ്പോള്‍ തന്നെ ഇത്തരമൊരു നീക്കത്തിലൂടെ താങ്കളുടെ തന്നെ പാര്‍ട്ടിക്ക് എന്ത് സന്ദേശമാണ് നല്‍കുന്നത് എന്നും ചെന്നിത്തല ചോദിച്ചു.
ഇത് ശരിയല്ല മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍. താങ്കള്‍ ആരോപണവിധേയനായ ഒരു എഡിജിപിയെ ഡിജിപിയാക്കി സ്ഥാനക്കയറ്റം നല്‍കിയിട്ട് ഏറെക്കാലമായില്ല. ആ എഡിജിപിക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരുംമുമ്പ് താങ്കള്‍ പത്രസമ്മേളനം വിളിച്ച് ആരോപണവിധേയനെ കുറ്റവിമുക്തനാക്കുന്നത് കേരളം കണ്ടതാണ്. കേരളത്തിന്റെ പവിത്രമായ തൃശൂര്‍പൂരം കലക്കി ബിജെപിക്ക് ജയിക്കാന്‍ അവസരം നല്‍കിയെന്നായിരുന്നു താങ്കള്‍ ക്‌ളീന്‍ ചിറ്റ് നല്‍കിയ എഡിജിപിക്കെതിരെയുണ്ടായിരുന്ന ആരോപണം. ഇപ്പോഴിതാ ആരോപണവിധേയനായ എസ്പിയെ അന്വേഷണത്തിനു മുമ്പ് തന്നെ തിരിച്ചെടുത്ത് താങ്കള്‍ ആരെയാണ് സഹായിക്കുന്നത്. സ്വര്‍ണക്കടത്ത് മാഫിയയേയോ. ഉത്തരം പറയണം മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്നാണ് ചെന്നിത്തല പറയുന്നത്.