by webdesk2 on | 07-03-2025 01:00:14 Last Updated by webdesk2
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാന് വേണ്ടി ഹാജരായ അഭിഭാഷകനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. കെ.പി.സി.സിയിലാണ് പരാതി നല്‍കിയിരിക്കുന്നത്. പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കിയെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ജില്ലാ വൈസ് പ്രസിഡന്റ് സൈതലി കയ്പ്പാടിയാണ് പരാതിക്കാരന്‍.
കോണ്‍ഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റും അഭിഭാഷകനുമായ അഡ്വ. ഉവൈസ് ഖാനാണ് പ്രതി അഫാന് വേണ്ടി ഹാജരായത്. പ്രതിക്ക് വേണ്ടി ഉവൈസ് ഖാന്‍ ഹാജരാകാതിരിക്കാനുള്ള നിര്‍ദേശം നല്‍കണമെന്നും അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് അയച്ച പരാതിയില്‍ ആവശ്യപ്പെടുന്നു.
വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. മൂന്ന് ദിവസമാണ് കസ്റ്റഡി കാലാവധി. കസ്റ്റഡിയില്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കൊലപാതക കാരണം അഫാന്‍ പൊലീസിനോട് പറഞ്ഞിരുന്നു. കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും, ധനകാര്യ സ്ഥാപനത്തിലും പ്രതിയുമായി ഇന്ന് വൈകുന്നേരം തെളിവെടുപ്പ് നടത്തും. കൂട്ടകൊലപാതക ദിവസം ഉമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ പ്രതി ചുറ്റിക വാങ്ങി നേരെ പോയത് പിതൃമാതാവിന്റെ വീട്ടിലേക്കായിരുന്നു. ഇവിടെ എത്തിച്ചാണ് ആദ്യം തെളിവെടുപ്പ് നടത്തുക.
അഫാനെ എത്തിക്കുമ്പോള്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് വൈകുന്നേരത്തേക്ക് തെളിവെടുപ്പ് മാറ്റി. പാങ്ങോട് പോലീസിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചാല്‍ വെഞ്ഞാറമ്മൂട് പോലീസ് കസ്റ്റഡി അപേക്ഷ നല്‍കും. നാല് പേരെ കൊലപ്പെടുത്തിയ രണ്ടു പ്രധാന കേസുകള്‍ വെഞ്ഞാറമ്മൂട് സ്റ്റേഷന്‍ പരിധിയിലാണ്.അതേ സമയം അഫാന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം നടത്തി വരികയാണ്.