by webdesk2 on | 07-03-2025 08:37:28 Last Updated by webdesk3
കൊല്ലം: അനധികൃതമായി കൊടിയും ഫ്ളക്സ് ബോര്‍ഡും സ്ഥാപിച്ചതിന് സിപിഎമ്മിന് കൊല്ലം കോര്‍പ്പറേഷന്റെ പിഴ. മൂന്നര ലക്ഷം രൂപയാണ് പിഴ ചുമത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായായിരുന്നു ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത്. പിഴ അടയ്ക്കണമെന്ന് കാണിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് കോര്‍പ്പറേഷന്‍ സെക്രട്ടറി നോട്ടീസ് നല്‍കിയിട്ടുണ്ട്.
നഗരത്തില്‍ 20 ഫ്‌ളക്‌സ് ബോര്‍ഡുകളും 2,500 കോടിയും കെട്ടിയതിനാണ് പിഴ ചുമത്തിയത്. കൊല്ലം നഗരത്തിന്റെ വിവിധയിടങ്ങളിലായി നേതാക്കന്മാരുടെ ചിത്രങ്ങള്‍ പതിപ്പിച്ച കൂറ്റന്‍ ഫ്‌ളക്‌സുകളും കൊടിതോരണങ്ങളും സിപിഎം സ്ഥാപിച്ചിരുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതിയും ഇതിനെ വിമര്‍ശിച്ചിരുന്നു.
ഫ്‌ളക്സ് ബോര്‍ഡും കൊടിത്തോരണങ്ങളും ഉപയോഗിക്കുന്നതിന് ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്ന് സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊല്ലത്ത് കൂടി വരുമ്പോള്‍ കണ്ണടച്ച് വരാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞിരുന്നു.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആരെയാണ് ഭയക്കുന്നത്. ടൂറിസത്തിന്റെ അടിസ്ഥാന ഘടകമാണ് ശുചിത്വം, അത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മനസിലാകുന്നില്ല. സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചിരുന്നു.
എന്നാല്‍. കാഴ്ച മറയ്ക്കാതെയും ഗതാഗത തടസമില്ലാതെയാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നാണ് സിപിഎം നേതൃത്വത്തിന്റെ വാദം.