by webdesk2 on | 07-03-2025 07:19:06
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടുള്ള കാലാവസ്ഥ തുടരുന്നതിനിടെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്ന് മുതല്‍ എട്ടാം തീയതിവരെ സംസ്ഥാനത്ത് സാധരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രിവരെ സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
11 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്നുമുതല്‍ 2025 മാര്‍ച്ച് 8 വരെ തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും; ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെയും (സാധാരണയെക്കാള്‍ 2 - 3°C കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2025 മാര്‍ച്ച് 08 വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (06/03/2025) മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.