by webdesk2 on | 06-03-2025 12:39:58 Last Updated by admin
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.മൂന്ന് ദിവസത്തേക്കാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ പാങ്ങോട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിതൃ മാതാവായ സല്‍മാബീബിയെ കൊലപ്പെടുത്തിയ കേസില്‍ തെളിവെടുപ്പ് നടത്തുന്നതിന് വേണ്ടിയാണ് പാങ്ങോട് പൊലീസ് അഫാനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്.
പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം നാളെ അഫാനെ തെളിവെടുപ്പിനായി കൊണ്ടുപോകും. കൊലപാതകം നടത്തിയ പാങ്ങോട് ഉള്ള വീട്ടിലും ആയുധം വാങ്ങിയ കടയിലും സ്വര്‍ണം പണയപ്പെടുത്തി പണം വാങ്ങിയ സ്ഥാപനത്തിലുമെല്ലാമെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്. ഒരു ദിവസം നീണ്ടുനില്‍ക്കുന്ന തെളിവെടുപ്പായിരിക്കും നടക്കുക.
ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയില്‍ വാങ്ങലാകും ഉണ്ടാകുക. അനുജന്‍ അഫ്‌സാനെയും സുഹൃത്ത് ഫര്‍സാനെയും കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞദിവസമാണ് വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പിതൃമാതാവ് സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസ് നേരത്തെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പിതൃസഹോദരന്‍ ലത്തീഫിനെയും ഭാര്യ സാജിതയെയും കൊലപ്പെടുത്തിയ കേസില്‍ ഇനിയും അറസ്റ്റ് രേഖപ്പെടുത്താന്‍ ഉണ്ട്.