by webdesk3 on | 06-03-2025 12:04:57 Last Updated by admin
അയ്യപ്പന്റെ സ്വര്‍ണ ലോക്കറ്റുകള്‍ വിഷുവിന് പുറത്തിറക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തീര്‍ത്ഥാടകര്‍ക്ക് വിഷുകൈനീട്ടമായി ലോക്കറ്റ് സന്നിധാനത്ത് ഏപ്രില്‍ 14 ന് ആയിരിക്കും പുറത്തിറക്കുക. തമിഴ്‌നാട്ടില്‍ നിന്നുമുള്ള ജിആര്‍ടി, കേരളത്തില്‍ നിന്നുമുള്ള കല്യാണ്‍ എന്നിവയാണ് ലോക്കറ്റുകള്‍ നിര്‍മ്മിക്കുക.
1,2, 4, 6, 8 ഗ്രാമുകളിലായാണ് ലോക്കറ്റുകള്‍ പുറത്തിറക്കുന്നത്. സന്നിധാനത്തെ ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസ് വഴിയാണു വില്‍പന. ഓണ്‍ലൈനായും ദേവസ്വം ഓഫിസില്‍ പണമടച്ചും വാങ്ങാം. ശ്രീകോവിലില്‍ പൂജിച്ച ശേഷമാണ് ലോക്കറ്റുകള്‍ ഭക്തര്‍ക്കു നല്‍കുക.
1980കളിലാണ് ശബരിമലയില്‍ ഗുരുവായൂരപ്പന്‍ ലോക്കറ്റിന്റെ മാതൃകയില്‍ സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്ത ലോക്കറ്റുകള്‍ വരുന്നത്. 2011-12 വര്‍ഷങ്ങളിലാണ് അവസാനമായി ലോക്കറ്റ് വിതരണം നടന്നത്. 2011ല്‍ ഒരുവശത്ത് അയ്യപ്പന്റെയും മറുവശത്ത് ഗണപതിയുടെയും രൂപങ്ങള്‍ ആലേഖനം ചെയ്ത വെള്ളിയില്‍ പണിതവയും ചെമ്പില്‍ സ്വര്‍ണം പൂശിയവയുമായ ലോക്കറ്റുകളാണ് വിതരണം ചെയ്തിരുന്നത്.