by webdesk2 on | 06-03-2025 08:11:00 Last Updated by admin
ലണ്ടന്‍: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറിന് നേരെ ലണ്ടനില്‍ ആക്രമണശ്രമം. ഖലിസ്ഥാന്‍വാദികളാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. കാറില്‍ കയറിയ ജയശങ്കറിന്റെ തൊട്ടടുത്തേക്കു പാഞ്ഞടുത്തെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെട്ടു തടഞ്ഞു. മറ്റു പ്രശ്നങ്ങളില്ലാത്തതിനാല്‍ മന്ത്രി യാത്ര തുടര്‍ന്നു. സംഭവത്തില്‍ ബ്രിട്ടനെ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.
ആറ് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ജയശങ്കര്‍ യുകെയിലെത്തിയത്. ലണ്ടനിലെ ചാത്തം ഹൗസില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് വിദേശകാര്യമന്ത്രിക്ക് സുരക്ഷാ ഭീഷണി നേരിട്ടത്.
ലണ്ടന്‍ പൊലീസ് നോക്കിനില്‍ക്കെ, ജയശങ്കറിനെതിരെ പ്രതിഷേധവുമായി ഒട്ടേറെ ഖലിസ്ഥാനികളാണു പതാകയേന്തി മുദ്രാവാക്യം വിളിച്ചു നിന്നിരുന്നത്. ജയശങ്കര്‍ കാറില്‍ കയറാന്‍ എത്തിയതോടെ, ഇന്ത്യയുടെ ദേശീയപതാക കീറി പ്രതിഷേധക്കാരിലൊരാള്‍ പാഞ്ഞുവന്നു. ആക്രമിക്കാന്‍ ഓടിയെത്തിയ ആളെ കീഴ്‌പ്പെടുത്തുന്നതിനു പകരം ശാന്തനാക്കി പറഞ്ഞയയ്ക്കാനാണു പൊലീസ് ശ്രമിച്ചത്. ഏതാനും നിമിഷത്തിനു ശേഷം മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ടുപോയി.
ഖലിസ്ഥാന്‍വാദികളുടെ പ്രതിഷേധത്തിന്റെയും ആക്രമണശ്രമത്തിന്റെയും വിഡിയോ പുറത്തുവന്നു. ഇത്രയും ഗുരുതര സാഹചര്യമുണ്ടായിട്ടും ലണ്ടന്‍ പൊലീസ് നിസ്സംഗരായി നിന്നെന്നു വിമര്‍ശനമുയര്‍ന്നു. വ്യാപാരം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം, പ്രതിരോധ സഹകരണം തുടങ്ങിയ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തിന്റെ ഭാഗമായി യുകെയില്‍ ഔദ്യോഗിക പരിപാടികള്‍ക്ക് എത്തിയതാണ് ജയശങ്കര്‍.
യുകെയിലെ പരിപാടികള്‍ക്ക് ശേഷം ജയശങ്കര്‍ അയര്‍ലണ്ടിലേക്ക് പോകും, അവിടെ അദ്ദേഹം ഐറിഷ് വിദേശകാര്യ മന്ത്രി സൈമണ്‍ ഹാരിസനുമായി കൂടിക്കാഴ്ച നടത്തും.