by webdesk3 on | 05-03-2025 03:01:23 Last Updated by admin
സംസ്ഥാനത്ത് നൂറു സീറ്റോട് യുഡിഎഫ് അധികാരത്തില്‍ എത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുനില്‍ കനഗോലുവിന്റെ ഒരു റിപ്പോര്‍ട്ടും നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ ടുഡേ മാത്രമാണ് കേരളത്തില്‍ ഒരു സര്‍വെ നടത്തിയത്. അതില്‍ യുഡിഎഫിന് 42 ശതമാനം വോട്ടോടെ 110 സീറ്റ് കിട്ടുമെന്നാണ് പറഞ്ഞിരിക്കുന്നത്. എല്‍ഡിഎഫിന് 30 ശതമാനം വോട്ട് മാത്രം കിട്ടുമെന്നുമാണ് പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഠിനാധ്വാനം ചെയ്ത് നൂറു സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ എത്തും. ഇതാണ് യുഡിഎഫ് യോഗത്തിന്റെ തീരുമാനവും. ജനകീയ വിഷയങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എന്ത് ചെയ്യുമെന്ന് ഞങ്ങള്‍ പറയും. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനൊപ്പം യുഡിഎഫിന്റെ ഓള്‍ട്ടര്‍നേറ്റീവ് കൂടി ജനങ്ങളോട് പറയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശപ്പെടാനാകാത്ത ശക്തമായ നേതൃത്വം യുഡിഎഫിനുണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് ശക്തമായ രണ്ടാം നിര, മൂന്നാം നിര കോണ്‍ഗ്രസ് വളര്‍ത്തിയിട്ടുണ്ട്. നിയമസഭയില്‍ യുവാക്കളാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്. മഹിളാ കോണ്‍ഗ്രസ്, കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയില്‍ എല്ലാം ശക്തമായ നേതൃത്വമുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന്റെ ഭാവി സുരക്ഷിതമാണ് വിഡി സതീശന്‍ പറഞ്ഞു.