by webdesk3 on | 05-03-2025 02:41:46 Last Updated by webdesk3
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ പ്യൂണ്‍ അബ്ദുല്‍ നാസറിനെ സസ്‌പെന്റ് ചെയ്തു. ഇയാള്‍ ജോലി ചെയ്തിരുന്ന മഅ്ദിന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധികൃതരമാണ് ഇക്കാര്യം അറിയിച്ചത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തെയും പിന്തുണക്കുമെന്നും മഅ്ദിന്‍ സ്‌കൂള്‍ വ്യക്തമാക്കി.
എംഎസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ അണ്‍ എയ്ഡഡ!് സ്‌കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറിനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. എംഎസ് സൊല്യൂഷന്‍സ് അധ്യാപകന്‍ ഫഹദിന് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് എംഎസ് സൊല്യൂഷന്‍സിലെ അധ്യാപകരായ ഫഹദും ജിഷ്ണുവും നേരത്തെ അറസ്റ്റിലായിരുന്നു. ഫഹദിനെ ചോദ്യം ചെയ്തതോടെയാണ് കേസിലെ പ്യൂണിന്റെ പങ്കിനെ കുറിച്ച് വിവരം ലഭിച്ചത്. ഇതോടെയാണ് പ്യൂണിനെ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായത്. എസ്എസ്എല്‍സി ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യ പേപ്പറുകളാണ് യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നത്. ഇതിന് പിന്നാലെയാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.