by webdesk2 on | 05-03-2025 02:38:46 Last Updated by webdesk3
തിരുവനന്തപുരം: അമ്മ മരിച്ചുവെന്ന് കരുതിയാണ് താന്‍ മറ്റുളളവരെയും കൊന്നതെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ പ്രതി അഫാന്‍. കൂട്ടക്കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൂജപ്പുര ജയിലിലെ ഉദ്യോഗസ്ഥരോട് അഫാന്‍ തുറന്നു പറഞ്ഞു. അമ്മ മരിച്ചില്ലെന്നും ജീവനോടെയുണ്ടെന്ന് രണ്ട് ദിവസം മുന്‍പാണ് താന്‍ അറിഞ്ഞതെന്നും അമ്മ മരിക്കാത്തതില്‍ സങ്കടമുണ്ടെന്നും അമ്മയ്ക്കും മരിക്കാനാണ് ഇഷ്ടമെന്നും താനും മരിക്കുമെന്നും അഫാന്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.
ആദ്യം അമ്മയെ കൊലപ്പെടുത്തി. അമ്മ മരിച്ചുവെന്നാണ് കരുതിയത്. ഇതോടെ മറ്റുളളവരെ കൊല്ലുകയായിരുന്നു. അമ്മയും അനുജനും കാമുകിയുമില്ലാതെ തനിക്കോ, താനില്ലാതെ അവര്‍ക്കോ ജീവിക്കാന്‍ കഴിയുകയില്ല. കുടുംബത്തിലെ മറ്റുള്ളവരോട് വൈരാഗ്യമുണ്ടായിരുന്നുവെന്നും അഫാന്‍ ജയില്‍ ഉദ്യോഗസ്ഥരോട് വിശദീകരിച്ചു.
ജീവിതത്തില്‍ ഏറ്റവും ഇഷ്ടം തനിക്ക് അമ്മയോടും അനുജനോടും കാമുകിയോടുമായിരുന്നുവെന്നും കടം വലിയ തോതില്‍ കൂടിയതോടെ കുടുംബത്തോടെ ജീവനൊടുക്കാന്‍ ആദ്യം തീരുമാനിച്ചു എന്നും അഫാന്‍ പറഞ്ഞു.
കടത്തിന്റെ പേരില്‍ പിതാവിന്റെ അമ്മയും സഹോദരനും ഭാര്യയും പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്തതും സഹിക്കാന്‍ കഴിഞ്ഞില്ലെന്ന് അഫാന്‍ പറഞ്ഞു. കൂട്ടത്തോടെ ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി. ഇത് നടക്കാതെ വന്നതോടെ മറ്റുള്ളവരെ കൊലപ്പെടുത്തി താനും മരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അഫാന്‍ പറയുന്നു.