by webdesk2 on | 05-03-2025 06:35:21 Last Updated by webdesk3
തിരുവനന്തപുരം: ആറ്റുകാലമ്മയ്ക്ക് പൊങ്കാല അര്‍പ്പിക്കാന്‍ തലസ്ഥാനനഗരി ഒരുങ്ങി കഴിഞ്ഞു. ഇന്ന് 10 മണിക്ക് ദേവിയെ കാപ്പുകെട്ടി പാട്ടുപാടി കുടിയിരുത്തിയതോടെ 10 ദിവസം നീണ്ടുനില്‍ക്കുന്ന ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. 13-നാണ് പ്രശസ്തമായ പൊങ്കാല. വൈകിട്ട് ആറിന് കലാപരിപാടികളുടെ ഉദ്ഘാടനം നടി നമിതാ പ്രമോദ് നിര്‍വഹിക്കും. ആറ്റുകാല്‍ അംബാ പുരസ്‌കാരം ഡോ.കെ.ഓമനക്കുട്ടിക്ക് സമര്‍പ്പിക്കും.
മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇന്നലെ നേരിട്ടെത്തി പൊങ്കാല ഒരുക്കങ്ങള്‍ വിലയിരുത്തി. ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താനും,ലഹരി വില്‍പ്പന തടയാനും ഇക്കുറി പ്രത്യേക ജാഗ്രതയുണ്ടാകും. ഭക്തരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നും അവലോകന യോഗം വിലയിരുത്തി. തിരക്ക് നിയന്ത്രിക്കാന്‍ ഇക്കുറി പ്രത്യേക ക്യൂ സൗകര്യമുണ്ടാകും. എല്ലാ വകുപ്പുകളെയും ഏകീകരിച്ചുള്ള പ്രവര്‍ത്തനങ്ങളും സജ്ജമായി കഴിഞ്ഞു.
പൊങ്കാല ഡ്യൂട്ടിയ്ക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 120 പേരും പൊങ്കാല ഉത്സവത്തിന് ഏകദേശം ആയിരത്തോളം വനിതാ പോലീസുകാരെയും വിന്യസിക്കും. 179 സി.സി.ടി.വി ക്യാമറകള്‍, ഒരു മെയിന്‍ കണ്‍ട്രോള്‍ റൂം കൂടാതെ സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. അഞ്ച് ഡെഡിക്കേറ്റഡ് പാര്‍ക്കിങ് ഏരിയകളും വാഹന പരിശോധന പോയിന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. പൊങ്കാല മഹോത്സവത്തിനിടയ്ക്ക് കാണാതാവുന്ന ആളുകളെ കണ്ടെത്തുന്നതിനും മെഡിക്കല്‍ എമര്‍ജന്‍സികള്‍ നേരിടുന്നതിനും പ്രത്യേക ശ്രദ്ധ നല്‍കും. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പരിശോധനയും ഉണ്ടാകും. ഇത്തവണത്തെ പൊങ്കാലയ്ക്ക് ചരിത്രത്തില്‍ ആദ്യമായി ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പ് വനിതാ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 450 ജീവനക്കാരെ വിന്യസിക്കുന്നതില്‍ 50 പേര്‍ വനിതകളാണ്. രണ്ട് സെക്ടറുകളായി തിരിഞ്ഞാണ് ഫയര്‍ ആന്റ് റസ്‌ക്യൂ ടീം പ്രവര്‍ത്തിക്കുക. രണ്ട് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും. 44 ഫയര്‍ റസ്‌ക്യൂ എന്‍ജിനുകള്‍ സജ്ജമാക്കും. ഹൈ പ്രഷര്‍ പമ്പിംഗ് യൂണിറ്റും സജ്ജമാക്കും.
20 ബസുകള്‍ ചെയിന്‍ സര്‍വീസ് ആയി ഈസ്റ്റ് ഫോര്‍ട്ടില്‍ നിന്ന് ക്ഷേത്രത്തെ ബന്ധിച്ചു കൊണ്ട് സര്‍വീസ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ കെ.എസ്.ആര്‍.ടി.സി ചെയ്തിട്ടുണ്ട്. ഏഴുനൂറോളം ബസുകള്‍ പൊങ്കാല ദിവസം തിരുവനന്തപുരം നഗരത്തില്‍ നിന്ന് വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്ന രീതിയില്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. കേരളത്തില്‍ വിവിധ ഇടങ്ങളില്‍ നിന്നും ബഡ്ജറ്റ് ടൂറിന്റെ ഭാഗമായി നാലായിരത്തോളം സ്ത്രീകളെ തിരുവനന്തപുറത്ത് എത്തിച്ചു പൊങ്കാല ഇടാനുള്ള സൗകര്യങ്ങളും അവര്‍ക്കുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.