by webdesk3 on | 04-03-2025 02:12:56 Last Updated by webdesk3
അസുഖ ബാധിതനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില വീണ്ടും വഷളായതായി റിപ്പോര്‍ട്ട്. ശ്വാസകോശ അണുബാധമൂലം ആശുപത്രിയില്‍ കഴിയുന്ന മാര്‍പാപ്പയ്ക്ക് തിങ്കളാഴ്ചയോടെ രണ്ട് തവണ ശ്വാസതടസമുണ്ടായെന്നും വത്തിക്കാന്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 14 മുതല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാര്‍പ്പാപ്പയുടെ ആരോഗ്യനിലയില്‍ വിശ്വാസികള്‍ ആശങ്കയിലാണ്.
വെള്ളിയാഴ്ച ശ്വാസതടസ്സം നേരിട്ടതിന് ശേഷം, മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് വത്തിക്കാന്‍ ഞായറാഴ്ച വൈകുന്നേരം അറിയിച്ചിരുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും മാര്‍പാപ്പയ്ക്ക് ഓക്‌സിജന്‍ സഹായം ആവശ്യമായിരുന്നു. ഞായറാഴ്ച മാര്‍പാപ്പക്ക് ഓക്‌സിജന്‍ സഹായം ആവശ്യമായി വന്നില്ല. ആ ദിവസം മാര്‍പാപ്പ ദിവ്യബലിയിലും പങ്കെടുത്തുവെന്നും വത്തിക്കാന്‍ അറിയിച്ചു.
ജെമെല്ലി ആശുപത്രിയുടെ പത്താം നിലയിലുള്ള പ്രത്യേക സജ്ജീകരണങ്ങളുള്ള മുറിയിലാണ് മാര്‍പാപ്പ ചികിത്സയില്‍ കഴിയുന്നത്. 2013 മാര്‍ച്ചിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനമേറ്റത്. ഫെബ്രുവരി 14ന് ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു ശേഷം മാര്‍പാപ്പയുടെ ഫോട്ടോകളോ വീഡിയോകളോ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.