by webdesk2 on | 04-03-2025 01:14:42
കോഴിക്കോട്: വയനാട് തുരങ്കപാതയ്ക്കു പരിസ്ഥിതി ആഘാത സമിതിയുടെ അനുമതി. 25 ഇന വ്യവസ്ഥകളോടെയാണ് അനുമതി നല്‍കിയത്. അന്തിമ അനുമതി നല്‍കാമെന്നു സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിക്ക് (സിയ) വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയത്.
താമരശ്ശേരി ചുരത്തിന്റെ ബദലായി നിര്‍മിക്കുന്ന ആനക്കാംപൊയില്‍ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം തുടങ്ങുന്നതിനുള്ള അനുമതിയാണ് ലഭിച്ചത്. പരിസ്ഥിതി ലോല പ്രദേശത്തു നിര്‍മാണം അതീവ ശ്രദ്ധയോടെ വേണം നടത്താന്‍. മല തുരക്കുമ്പോള്‍ സമീപ പ്രദേശത്ത് ഉണ്ടാകുന്ന ആഘാതം കൃത്യമായി പഠിക്കണം. കനത്ത മഴ ഉണ്ടായാല്‍ മുന്നറിയിപ്പു നല്‍കാനുള്ള സംവിധാനങ്ങള്‍ രണ്ടു ജില്ലകളിലും വേണം. വയനാട് - നിലമ്പൂര്‍ ആനത്താരയിലെ അപ്പംകാപ്പ് ഭാഗത്ത് ആനത്താര നിലനിര്‍ത്താന്‍ 3.0579 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം. പദ്ധതിപ്രദേശത്തു മാത്രമുള്ള ബാണാസുര ചിലപ്പന്‍ എന്ന പക്ഷികളുടെ സംരക്ഷണത്തിനുള്ള പഠനം നടത്തണം. ജില്ലാതലത്തില്‍ നാലംഗ വിദഗ്ധ സമിതി രൂപീകരിക്കണം തുടങ്ങിയ മാനദണ്ഡങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം പരിസ്ഥിതി അനുമതി ലഭിച്ചതോടെ തുരങ്കപാത നിര്‍മാണവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാനാകും. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കി നിര്‍മാണമാരംഭിക്കാന്‍ കഴിയും. സ്ഥലമെടുപ്പ് നടപടികള്‍ 90 ശതമാനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിര്‍മാണവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.
തുരങ്കം നിര്‍മിക്കുന്നതിന് ദിലീപ് ബില്‍ഡ് കോണ്‍ ലിമിറ്റഡിനും സമീപനറോഡിന്റെ നിര്‍മാണത്തിന് റോയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിക്കുമാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.