by webdesk2 on | 04-03-2025 07:17:57 Last Updated by webdesk3
കോഴിക്കോട്: വിദ്യാര്‍ഥിസംഘട്ടനത്തെത്തുടര്‍ന്ന് എളേറ്റില്‍ എംജെ സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) മരിച്ച സംഭവത്തില്‍ പ്രതികളായ 5 പേര്‍ക്കു പുറമേ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് അന്വേഷണം. ഗൂഢാലോചനയിലും മര്‍ദനത്തിലും പങ്കുണ്ടെങ്കില്‍ ഇവരെയും പ്രതി ചേര്‍ക്കും. സംഘട്ടനമുണ്ടായതിനു സമീപത്തെ കൂടുതല്‍ സിസിടിവികളില്‍നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ മൊഴിയും രേഖപ്പെടുത്തിത്തുടങ്ങി.
പ്രതികളില്‍ ഒരാളുടെ പിതാവിന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവന്ന സാഹചര്യത്തില്‍ ഇയാളുടെ പങ്കാണു പ്രധാനമായും അന്വേഷിക്കുന്നത്. ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് ഇയാളുടെ വീട്ടില്‍നിന്നു കണ്ടെടുത്തിരുന്നു. മകന്‍ സംഘര്‍ഷത്തിനു പോകുന്നത് അറിഞ്ഞിട്ടും തടയാതിരുന്നോ, ആയുധം കൈമാറിയിരുന്നോ എന്നതും സംഘര്‍ഷസ്ഥലത്തെ ഇയാളുടെ സാന്നിധ്യവും പരിശോധിക്കുന്നുണ്ട്.
അതെസമയം കേസില്‍ പ്രതികളായ താമരശ്ശേരി സ്‌കൂളിലെ 5 കുട്ടികള്‍ ഇവര്‍ കഴിയുന്ന വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതി. പൊലീസിന്റെയും പ്രത്യേക പരീക്ഷാ സ്‌ക്വാഡിന്റെയും മേല്‍നോട്ടത്തിലായിരുന്നു പരീക്ഷ. ആദ്യം താമരശ്ശേരി സ്‌കൂളിലും പിന്നീട് ഒബ്‌സര്‍വേഷന്‍ ഹോമിനോടു ചേര്‍ന്ന മറ്റൊരു സ്‌കൂളിലും പരീക്ഷ എഴുതിക്കാനായിരുന്നു തീരുമാനം. എന്നാല്‍, വിദ്യാര്‍ഥിസംഘടനകളുടെ പ്രതിഷേധം ചൂണ്ടിക്കാട്ടി പരീക്ഷാകേന്ദ്രം മാറ്റണമെന്ന് പരീക്ഷാഭവനോടു പൊലീസ് ആവശ്യപ്പെടുകയായിരുന്നു.