by webdesk3 on | 03-03-2025 04:09:23 Last Updated by webdesk3
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന് മാനസിക പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ്. പൂര്‍ണ ബോധത്തോടെയാണ് പ്രതി കുറ്റകൃത്യം ചെയ്തിരിക്കുന്നത്. ശാരീരക പ്രശ്‌നങ്ങള്‍ മാറിയാല്‍ രണ്ട് ദിവസത്തിനകം ആശുപത്രി വിടാമെന്നും മെഡിക്കല്‍ ബോര്‍ഡ് അറിയിച്ചു.
കൂട്ടകൊലപാതകത്തില്‍ രണ്ടു കേസുകളില്‍ കൂടി പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍സുഹൃത്ത് ഫര്‍സാന,സഹോദരന്‍ അഫ്‌സാന്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. പിതാവിന്റെ ജ്യേഷ്ഠനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ അറസ്റ്റ് കസ്റ്റഡിയില്‍ വാങ്ങിയശേഷം രേഖപ്പെടുത്തുമെന്ന് വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. പ്രതി റിമാന്‍ഡില്‍ കഴിയുന്ന മെഡിക്കല്‍ കോളജിലെ പ്രത്യേക സെല്ലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അമ്മയെ കഴുത്ത് ഞെരിച്ച ശേഷം പ്രതി അഫാന്‍ തുടര്‍ച്ചയായ അഞ്ച് കൊലപാതകങ്ങളാണ് നടത്തിയത്. കടബാധ്യതയെ തുടര്‍ന്ന ബന്ധുക്കളില്‍ നിന്നുണ്ടായ അവഹേളനമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അഫാന്റെ മൊഴി. വന്‍ സാമ്പത്തിക ബാധ്യതയാണ് കൊലയ്ക്ക് പിന്നില്‍ എന്ന് അഫാന്‍ പറയുന്നു. എന്നാല്‍ അത്രയധികം സാമ്പത്തിക ബാധ്യതയില്ലെന്നാണ് അഫാന്റെ പിതാവ് റഹിം പറയുന്നത്.