by webdesk3 on | 03-03-2025 10:53:30 Last Updated by webdesk3
കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷയാണ് അപ്പീല്‍ നല്‍കിയത്.
മരണ കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമാണ് ഭാര്യ അപ്പീലില്‍ ആരോപിച്ചിരിക്കുന്നത്. സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിപി ദിവ്യ പ്രതിയായ കേസില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹര്‍ജിയിലെ ആക്ഷേപം. നവീന്‍ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു. എന്നാല്‍ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 15നാണ് നവീന്‍ ബാബുവിനെ ക്വട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയാണ് ഒന്നാം പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോകുന്നതിന് മുന്‍ സംഘടിപ്പിച്ച യാത്രയപ്പ് യോഗത്തില്‍ ദിവ്യ നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസില്‍ ദിവ്യയെ പ്രതി ചേര്‍ത്തതോടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇവരെ സിപിഎം മാറ്റിയിരുന്നു.