by webdesk2 on | 03-03-2025 08:43:19
കോഴിക്കോട്: സഹപാഠികളുടെ ക്രൂര മര്‍ദനത്തില്‍ ഇരയായി കൊല്ലപ്പെട്ട ഷഹബാസിന്റെ കൊലപാതകത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ വെള്ളിമാടുകുന്നു ജുവൈനല്‍ ഹോമില്‍ തന്നെ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കും. പ്രതിപക്ഷ വിദ്യാര്‍ത്ഥി യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ നീക്കം. ജുവൈനല്‍ ഹോമിന്റെ അടുത്തുള്ള സ്‌കൂളുകളില്‍ എഴുതിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാല്‍, പ്രതിഷേധം കനക്കുകയും തീരുമാനം മാറ്റുകയുമായിരുന്നു.
എന്നാല്‍ വിദ്യാര്‍ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ ജുവനൈല്‍ ഹോമിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തെത്തി. രാവിലെ പ്രതിഷേധപ്രകടനം നടത്തിയ കെ,എസ്.യു, എം.എസ്.എഫ് പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.