by webdesk3 on | 02-03-2025 03:12:38 Last Updated by webdesk3
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി. സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് നേതാക്കളുടെ പത്രസമ്മേളനത്തില്‍ നിന്നുള്ള ഒരു ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അവര്‍ ഒന്നായി നില്‍ക്കുന്നു, മുന്നിലുള്ള ലക്ഷ്യത്തിന്റെ വെളിച്ചത്താല്‍ ഐക്യപ്പെടുന്നു, എന്ന് അദ്ദേഹം ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കി, ടീം കേരള എന്ന ഹാഷ്ടാഗും നല്‍കിയിട്ടുണ്ട്.
രാഹുല്‍ ഗാന്ധിയുടെ ഈ പോസ്റ്റ് കെ സുധാകരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഉള്‍പ്പടെയുള്ള കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കുവെച്ചിട്ടുണ്ട്.
കേരളത്തിലെ നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ നേതൃയോഗം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോഴാണ് രാഹുലിന്റെ പോസ്റ്റ്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു നേതൃയോഗം.
മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് എംപിയുമായി ശശി തരൂരിന്റെ നിലപാടും പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. തരൂരിനെതിരെ പല മുതിര്‍ന്ന നേതാക്കളും പ്രത്യക്ഷമായി രംഗത്ത് എത്തിയതും പാര്‍ട്ടിക്ക് തലവേദനയായി.