by webdesk2 on | 02-03-2025 02:00:57 Last Updated by webdesk3
തിരുവനന്തപുരം: ആശവര്‍ക്കേഴ്‌സിന്റെ സമരവേദിയില്‍ വീണ്ടുമെത്തി സുരേഷ് ഗോപി. സമരപ്പന്തലിലെ ടാര്‍പ്പോളിന്‍ പൊലീസ് അഴിപ്പിച്ചതിനെ തുടര്‍ന്ന് മഴ നനഞ്ഞ് സമരം ചെയ്യേണ്ടി വന്ന ആശമാര്‍ക്ക് കുടകളും റെയിന്‍കോട്ടുകളുമായാണ് സുരേഷ് ഗോപി എത്തിയത്. നാളെ ഡല്‍ഹിയിലെത്തി കേന്ദ്ര മന്ത്രി ജെ പി നദ്ദയെ കാണുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും സുരേഷ് ഗോപി പറഞ്ഞു.
നാളെ ഇതിനായി ഡല്‍ഹിക്ക് പോവുകയാണ്. കേന്ദ്രമന്ത്രി ജെപി നദ്ദയെ കണ്ട് സംസാരിക്കും. ആവശ്യമാണെങ്കില്‍ പ്രധാനമന്ത്രിയോടും സംസാരിക്കും - സുരേഷ്ഗോപി വ്യക്തമാക്കി.
ഇന്ന് പുലര്‍ച്ചെയാണ് സെക്രട്ടറിയേറ്റിനു മുന്‍പില്‍ സമരം ചെയ്യുന്ന ആശാവര്‍ക്കേഴ്സിനോട് പൊലീസിന്റെ ക്രൂരത. അര്‍ദ്ധരാത്രിയില്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പ്പാളില്‍ പൊലീസ് അഴിച്ചുമാറ്റുകയായിരുന്നു. ടാര്‍പ്പാളിന്‍ തലയിലൂടെ മൂടി മഴ നനയാതിരിക്കാനും പൊലീസ് അനുവദിച്ചില്ല. നടപ്പാക്കുന്നത് കോടതി ഉത്തരവെന്നാണ് പൊലീസിന്റെ വാദം. നഗരത്തില്‍ അര്‍ധരാത്രിയില്‍ പെയ്ത ശക്തമായ മഴയില്‍ നിന്ന് രക്ഷനേടാനാണ് ആശാവര്‍ക്കേഴ്സ് ടാര്‍പ്പാളിന്‍ കെട്ടിയത്. ഇതാണ് അഴിച്ചു മാറ്റിയത്. ദിവസങ്ങള്‍ക്കു മുന്‍പ് സെക്രട്ടറിയേറ്റിന് മുന്‍പിലെ തെരുവ് വിളക്കുകളും അണച്ചതിനു പിന്നാലെയാണ് സമരക്കാര്‍ക്ക് നേരെയുള്ള അടുത്ത പ്രതികാര നടപടി.