by webdesk2 on | 02-03-2025 01:47:36
എറണാകുളം: കാക്കനാട് വിദ്യാര്‍ത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞെന്ന പരാതിയില്‍ സഹപാഠികള്‍ക്കെതിരെ കേസ് എടുത്ത് പൊലീസ്. 6 സഹപാഠികള്‍ക്ക് എതിരെയും രണ്ട് അധ്യാപകര്‍ക്കെതിരെയുമാണ് ജുവനൈയില്‍ ജസ്റ്റിസ് നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
കുറ്റക്കാരായ വിദ്യാര്‍ഥികളെ സംരക്ഷിച്ചതിനാണ് അധ്യാപകര്‍ക്കെതിരെ നടപടി. പ്രശ്‌നങ്ങളെല്ലാം മറച്ചുവയ്ക്കാനും കുറ്റക്കാരെ സംരക്ഷിക്കാനുമാണ് സ്‌കൂള്‍ അധികൃതരും പൊലീസും ശ്രമിക്കുന്നതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു. സംഭവം അധ്യാപകരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല എന്നും മാതാപിതാക്കള്‍ പറയുന്നു.
കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെ സഹപാഠികള്‍ നായ്ക്കുരണ പൊടി എറിഞ്ഞെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് മാതാപിതാക്കള്‍ രംഗത്ത് എത്തിയത്. കഴിഞ്ഞ മാസം നടന്ന സംഭവത്തെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായ വിദ്യാര്‍ത്ഥിനിക്ക് പരീക്ഷ എഴുതാന്‍ സാധിക്കാതെ വന്നതോടെയാണ് മാതാപിതാക്കള്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.