by webdesk2 on | 02-03-2025 08:58:06 Last Updated by webdesk3
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ഉറ്റബന്ധുക്കളായ രണ്ടുപേരെക്കൂടി കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതായി വിവരം. കിളിമാനൂര്‍ തട്ടത്തുമലയില്‍ താമസിക്കുന്ന അമ്മയെയും മകളെയുമാണ് കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നതെന്നാണ് അഫാന്‍ മൊഴി നല്‍കിയത്.
അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ധുക്കളോട് 5 ലക്ഷം രൂപ കടം ചോദിച്ചിരുന്നെന്നും ഇത് നല്‍കാത്തതില്‍ അവരോട് പക തോന്നിയെന്നുമാണ് അഫാന്‍ പറഞ്ഞത്. എന്നാല്‍ മറ്റുള്ളവരെ കൊന്നതോടെ മനോവീര്യം ചോര്‍ന്ന് തളര്‍ന്നുപോയെന്നും അതിനാല്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു എന്നുമാണ് അഫാന്‍ വെളിപ്പെടുത്തിയത്.
മാതാവ് ഷെമീന,ഇളയ സഹോദരന്‍ അഫ്‌സാന്‍, മുത്തശ്ശി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെണ്‍സുഹൃത്ത് ഫര്‍സാന, എന്നിവരെ കൊലപ്പെടുത്തിയതിനുശേഷം തട്ടത്തുമലയിലെത്തി ഈ രണ്ടുപേരെക്കൂടി വകവരുത്താനായിരുന്നു അഫാന്റെ ഉദ്ദേശ്യം. എന്നാല്‍ ഇളയ സഹോദരന്‍ അഫ്‌സാനെ കൊലപ്പെടുത്തിയതോടെ മനോവീര്യം ചോര്‍ന്നെന്നും തളര്‍ന്നുപോയെന്നും അതോടെ മറ്റു രണ്ടുപേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നുമാണ് അഫാന്‍ വെളിപ്പെടുത്തിയത്.
അതെസമയം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലെ അറസ്റ്റ് ഇന്നുണ്ടാകും. വെഞ്ഞാറമൂട് പൊലീസാവും അറസ്റ്റ് രേഖപ്പെടുത്തുക. സഹോദരന്‍ അഫസാന്‍, പെണ്‍സുഹൃത്ത് ഫര്‍ഹാന, പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിലാണ് അറസ്റ്റ്. അമ്മൂമ്മ സല്‍മാ ബീവിയെ കൊലപ്പെടുത്തിയ കേസില്‍ പാങ്ങോട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. അറസ്റ്റ് കഴിഞ്ഞാലുടന്‍ തെളിവെടുപ്പ് നടത്തും.