by webdesk2 on | 02-03-2025 07:43:25
കോട്ടയം: മണര്‍കാട് നാല് വയസുകാരന്‍ സ്‌കൂളില്‍ നിന്ന് കഴിച്ച ചോക്കലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി ഉയരുന്നു. അങ്ങാടിവയല്‍ സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മിഠായി കഴിച്ചയുടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടി ആശുപത്രിയില്‍ ചികിത്സ തേടുകയും അവിടെ നടത്തിയ പരിശോധനയില്‍ ലഹരിയുടെ അംശം കണ്ടെത്തുകയുമായിരുന്നു. ഉറക്കമില്ലായ്മയ്ക്ക് നല്‍കുന്ന മരുന്നിന്റെ അംശമാണ് കുഞ്ഞിന്റെ ശരീരത്തില്‍നിന്ന് കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും പരാതി നല്‍കി.
കഴിഞ്ഞ മാസം 17നാണ് കുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. സ്‌കൂള്‍ വിട്ട് വന്ന കുട്ടി ദീര്‍ഘനേരം ഉറങ്ങുകയും തനിക്ക് ക്ഷീണമാണെന്ന് മാതാപിതാക്കളെ അറിയിക്കുകയുമായിരുന്നു. തനിക്ക് ഒരു ചോക്ളേറ്റ് കഴിച്ചപ്പോള്‍ മുതലാണ് ഉറക്കം വരാന്‍ തുടങ്ങിയതെന്ന് കുട്ടി തന്നെയാണ് മാതാപിതാക്കളെ അറിയിച്ചത്. സ്‌കൂളില്‍ നിന്നാണ് മിഠായി കിട്ടിയതെന്ന് കുട്ടി പറഞ്ഞു.
എന്നാല്‍ സ്‌കൂളില്‍ നിന്ന് കുട്ടിക്ക് ചോക്ലേറ്റൊന്നും നല്‍കിയിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികളെ അബാകസിന്റെ ക്ലാസിനായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയിരുന്നെന്നും അവിടെ നിന്നാണ് കുട്ടി മിഠായി എടുത്ത് കഴിച്ചതെന്നുമാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് ചോക്ളേറ്റിന്റെ കവര്‍ സ്‌കൂള്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.