by webdesk3 on | 01-03-2025 03:31:49 Last Updated by webdesk3
താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ത്ഥികള്‍ ദുര്‍ഗുണപരിഹാര പാഠശാലയില്‍. വിദ്യാര്‍ത്ഥികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതോടെയാണ് ഇവരെ ഇവിടേക്ക് അയച്ചത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സമ്മതം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്.
ഷഹബാസിന്റെ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അതിക്രൂര മര്‍ദ്ദനത്തിന് ഇരയായാണ് ഷഹബാസ് കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്ന നിര്‍ണായക വിവരങ്ങളാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വിദ്യാര്‍ത്ഥിയുടെ വലതു ചെവിയുടെ മുകളിലായി തലയോട്ടി തകര്‍ന്ന നിലയിലായിരുന്നു. നെഞ്ചിനേറ്റ മര്‍ദ്ദനത്തില്‍ അന്തരിക രക്തസ്രാവം ഉണ്ടായെന്നും റിപ്പോര്‍ട്ടിലുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഷഹബാസ്. രാത്രി 12.30 ഓടെയാണ് മരണം സ്ഥിരീകരിച്ചത്. ട്യൂഷന്‍ ക്ലാസിലെ ഫെയര്‍വെല്‍ പാര്‍ട്ടിക്കിടെ മൈക്ക് ഓഫ് ആയതുമായി ബന്ധപ്പെട്ട തര്‍ക്കം സംഘര്‍ഷത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. കരാട്ടെ പരിശീലിക്കുന്നവര്‍ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് പ്രതികള്‍ ഷഹബാസിനെ മര്‍ദിച്ചത്.