by webdesk2 on | 01-03-2025 07:29:00 Last Updated by webdesk3
താമരശേരിയിലെ പത്താം ക്ലാസുകാരന്റെ മരണത്തില്‍ ആക്രമിച്ച വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തും. പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ ഇന്നലെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടിരുന്നു. വിദ്യാര്‍ത്ഥി മരിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്താന്‍ പൊലീസ് തീരുമാനം. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്.
മുഹമ്മദ് ഷഹബാസിന് ക്രൂരമായി മര്‍ദനമേറ്റത്. വട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പക്കല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. നഞ്ചക്ക്, ഇടിവള പോലുള്ള ആയുധങ്ങളുമായെത്തിയായിരുന്നു മര്‍ദനം. കസ്റ്റഡിയിലുള്ള അഞ്ച് വിദ്യാര്‍ത്ഥികളില്‍ മൂന്ന് പേര്‍ നേരത്തെ ചില കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അതെസമയം പത്താം ക്ലാസുകാരന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിശദമായ വകുപ്പുതല അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഏറെ ദുഃഖകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെയര്‍വെല്‍ ആഘോഷവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷല്‍ത്തില്‍ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്.