by webdesk2 on | 28-02-2025 06:50:29 Last Updated by webdesk3
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് പേരുമല ആര്‍ച്ച് ജംക്ഷന്‍ സല്‍മാസില്‍ അബ്ദുല്‍ റഹിം ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തും. യാത്രാരേഖകള്‍ ശരിയായതോടെ അബ്ദുല്‍ റഹിം ദമാമില്‍ നിന്ന് യാത്രതിരിച്ചു കഴിഞ്ഞു. വ്യാഴാഴ്ച രാത്രി 12.15 ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ച അബ്ദുള്‍ റഹീം 7.45 ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും എന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബിയയിലെ സ്‌പോണ്‍സര്‍ നല്‍കിയ കേസിനെ തുടര്‍ന്ന് ഹുറൂബിലായിരുന്ന (യാത്രാവിലക്ക് ) റഹീമിന് സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നാണ് നാട്ടിലേക്കു തിരിക്കാനായത്.
കുടുംബാംഗങ്ങളായ നാല് പേരയടക്കം അഞ്ച് പേരെയാണ് മകന്‍ അഫാന്‍ കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സല്‍മാബീവി (95), സഹോദരന്‍ അഫ്‌സാന്‍ (13), പിതൃസഹോദരന്‍ അബ്ദുല്‍ ലത്തീഫ് (60), ലത്തീഫിന്റെ ഭാര്യ സജിതാബീവി (55), വെഞ്ഞാറമൂട് മുക്കന്നൂര്‍ സ്വദേശി ഫര്‍സാന (22) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതക ശ്രമത്തില്‍ തലയ്ക്കടിയേറ്റു ഗുരുതരമായി പരുക്കേറ്റ ഉമ്മ ഷമി ആശുപത്രിയില്‍ ചികിത്സയിലാണ്.