by webdesk3 on | 27-02-2025 07:22:43 Last Updated by webdesk3
ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന തന്റെ അഭിമുഖം വളച്ചൊടിച്ചതായി കോണ്‍ഗ്രസ് എംപി ശശീ തരൂര്‍. സമൂഹമാധ്യമമായ എക്‌സിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസ് തന്റെ അഭിമുഖം വളച്ചൊടിച്ചുവെന്നും തന്നെ അപമാനിച്ചു എന്നുമാണ് അദ്ദേഹം എക്‌സില്‍ കുറിച്ചിരിക്കുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസിന് നല്ല നേതൃത്വമില്ലെന്ന് ഞാന്‍ പറഞ്ഞതായി പത്രത്തില്‍ വാര്‍ത്തവന്നു. ഇതിനുപത്രം ഇതുവരെ മാപ്പു പറഞ്ഞില്ലെന്നും കേരളത്തിലെ നേതൃത്വത്തെക്കുറിച്ച് താന്‍ പറയാത്തത് പ്രചരിപ്പിച്ചുവെന്നും കുറിപ്പില്‍ തരൂര്‍ പറയുന്നു. തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപങ്ങളെയും അപമാനങ്ങളെയും കുറിച്ച് ആരും ചിന്തിച്ചില്ല. ദുഃഖത്തോടെയാണ് കുറിപ്പ് എഴുതുന്നത്. എങ്ങനെ വാര്‍ത്തയുണ്ടാക്കുന്നു എന്നതിന്റെ നല്ല പാഠമാണ് ഇതെന്നും തരൂര്‍ കുറ്റപ്പെടുത്തി.
തരൂരിന്റെ വാക്കുകള്‍ പാര്‍ട്ടിയെ തന്നെ പ്രതിസന്ധിയാക്കുകയും പല മുതിര്‍ന്ന നേതാക്കളും അദ്ദേഹം വിമര്‍ശിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു. അതിനു പുറമെ കോണ്‍ഗ്രസ് നേതൃയോഗം തുടങ്ങാനിരിക്കെയാണ് പത്രത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് തരൂര്‍ രംഗത്തെത്തിയത് എന്നും ശ്രദ്ധേയമാണ്.