by webdesk3 on | 27-02-2025 06:56:29 Last Updated by webdesk3
കേരളത്തിലെ സിനിമാ പ്രവര്‍ത്തകര്‍ തങ്ങളുടെ സിനിമകളിലെ വയലന്‍സിന്റെ കാര്യത്തില്‍ സെല്‍ഫ് സെന്‍സറിങ് നടത്തേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കാരണം ഈ സിനിമകളിലെ അമിത വയലന്‍സ് യുവതലമുറയെ സ്വാധീനിക്കുന്നുണ്ട്. വഴി തെറ്റിക്കുന്നുണ്ട്.
താന്‍ ഇത് പറയുമ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റം എന്നൊക്കെ പലരും വിമര്‍ശിച്ചേക്കാം. പക്ഷേ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് തിന്മകളെ പ്രോത്സാഹിപ്പിക്കാനുള്ള ഇടമല്ല. കലയ്ക്ക് സാമൂഹ്യ പ്രതിബദ്ധതയുണ്ട്. കലാകാരന് സാമൂഹ്യ പ്രതിബദ്ധതയുണ്ട്. ഒരു ജനാധിപത്യരാഷ്ട്രത്തിലെ പൗരന്‍ എന്ന നിലയ്ക്ക് അത് പിന്തുടരാന്‍ അയാള്‍ നിര്‍ബന്ധിതനാണ്. കാരണം പൗരന്‍ എന്ന നിലയ്ക്ക് ഓരോ കലാകാരനും സമൂഹത്തോടും രാഷ്ട്രത്തോടും മറ്റ് പൗരന്മാരോടും കടമകളുണ്ട്. ആ കടമകള്‍ അവര്‍ പൂര്‍ത്തീകരിച്ചേ മതിയാകൂ എന്നും അദ്ദേഹം പറഞ്ഞു.
അല്ലാതെ പരമാവധി വയലന്‍സ് കൊണ്ടു വന്ന് പരമാവധി ലാഭം ഉണ്ടാക്കാനുള്ള ഒരു ഇടമായി മാത്രം സിനിമയെ കാണരുത്. അങ്ങനെ കാണുന്നവരുണ്ടെങ്കില്‍ അവര്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ പറ്റി സംസാരിക്കുകയുമരുത്. അവര്‍ ബിസിനസിനെ കുറിച്ചു മാത്രം സംസാരിച്ചാല്‍ മതി. അല്ലാതെ അമിതലാഭമുണ്ടാക്കാനുള്ള കുറുക്കുവഴിയായി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കാണേണ്ടതില്ല. സിനിമയിലെ അമിത വയലന്‍സ് ചെറുപ്പക്കാരിലെ അക്രമപ്രവണതകളെ സ്വാധീനിക്കുന്നുണ്ട് എന്ന് കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തെ വിവിധ മനശാസ്ത്രഗേവഷണങ്ങള്‍ പറയുന്നുണ്ട്. സിനിമ കണ്ടിട്ട് ആരും ആക്രമണങ്ങള്‍ നടത്താന്‍ തീരുമാനിക്കുന്നില്ല. പക്ഷേ ഉള്ളിലുള്ള അക്രമണപ്രവണതകളെ അസാധാരണമായി സ്വാധീനിക്കാനുള്ള കഴിവ് സിനിമയടക്കം, വീഡിയോ ഗെയിം അടക്കമുള്ള മാധ്യമങ്ങള്‍ക്കുണ്ട്. ഇത് ഖണ്ഡിക്കാന്‍ താല്പര്യമുള്ളവര്‍ക്കു സ്വാഗതം.
പിന്നെ നല്ല സിനിമ കണ്ട് ആള്‍ക്കാര്‍ നന്നാവുന്നില്ലല്ലോ എന്നു ചോദിക്കുന്നവരുമുണ്ട്. അങ്ങനെയുള്ള സുഹൃത്തുക്കളോട് എന്റെ മറുപടി ഇതാണ്. നല്ല സിനിമകള്‍ ആള്‍ക്കാരെ നല്ല നിലയിലും സ്വാധീനിക്കുന്നുണ്ട് എന്നും മനശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. പ്രചോദിപ്പിക്കാനും സ്വപ്‌നം കാണാന്‍ പഠിപ്പിക്കാനും ഉയരങ്ങള്‍ കീഴടക്കാനും ഒക്കെ തക്കവണ്ണം മനസുകളെ സ്വാധീനിക്കാന്‍ സിനിമകള്‍ക്കു കഴിയും. അത് കൂട്ടക്കൊലപാതകം പോലെ വാര്‍ത്തയാകുന്നില്ല എന്നു മാത്രം. അതുകൊണ്ടാണ് ആ നന്മകള്‍ ശ്രദ്ധിക്കപ്പെടാത്തത്. മലയാള സിനിമകളില്‍ അടുത്തിടെ കയറിക്കൂടിയ അമിത വയലന്‍സിനെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കാത്തതെന്ത് എന്നത് എന്നെ അതിശയപ്പെടുത്തുന്നു. എന്തായാലും സിനിമാക്കാര്‍ക്ക് ബോധമുദിച്ച് സെല്‍ഫ് സെന്‍സറിങ് നടത്തി സാമൂഹ്യപ്രതിബദ്ധത കാണിക്കും എന്നു കരുതുന്നു എന്നും അദ്ദേഹം പറഞ്ഞു.