by webdesk3 on | 27-02-2025 12:38:58 Last Updated by webdesk3
വഖഫ് ഭേദഗതി ബില്ല് കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഫെബ്രുവരി 13 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സംയുക്ത പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. അതേസമയം ജെ പി സി യില്‍ പ്രതിപക്ഷ അംഗങ്ങള്‍ എഴുതി നല്‍കിയ 44 ഭേദഗതികള്‍ തള്ളുകയും ചെയ്തു. ബിജെപി നടപ്പാക്കാനൊരുങ്ങുന്ന 14 ഭേദഗതികള്‍ ഭൂരിപക്ഷ വോട്ടോടെ ജെ പി സി അംഗീകരിച്ചു.
പ്രതിപക്ഷ വിയോജിപ്പുകളെ മറികടന്ന് ഏകപക്ഷീയമായാണ് ജെ പി സി റിപ്പോര്‍ട്ട് അംഗീകരിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു. പാര്‍ലമെന്റിലെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിട്ട വഖഫ് ഭേദഗതി ബില്ലില്‍ പ്രതിപക്ഷ അംഗങ്ങളുടെ അഭിപ്രായങ്ങളെ അവഗണിച്ചായിരുന്നു ജെ പി സി അംഗീകാരം നല്‍കിയത്.
ജനുവരി 30 നാണ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ജെപിസിയുടെ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുസ്ലീം സമൂഹം മതപരവും ജീവകാരുണ്യപരവുമായ ആവശ്യങ്ങള്‍ക്കായി സംഭാവന ചെയ്യുന്ന സ്വത്തുക്കളുടെ മേല്‍നോട്ടം വഹിക്കുന്ന വഖഫ് ബോര്‍ഡുകളുടെ ഭരണത്തില്‍ പൂര്‍ണ്ണമായ അഴിച്ചുപണിയാണ് വഖഫ് ഭേദഗതി ബില്‍ നിര്‍ദ്ദേശിക്കുന്നത്. സംസ്ഥാന വഖഫ് ബോര്‍ഡുകളില്‍ കുറഞ്ഞത് രണ്ട് അമുസ്ലിം അംഗങ്ങളെ ഉള്‍പ്പെടുത്തുക എന്നതാണ് ഒരു നിര്‍ദേശം.