by webdesk2 on | 27-02-2025 06:29:05 Last Updated by webdesk3
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്കു കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി ആണെന്ന നിഗമനത്തില്‍ പൊലീസ്. ലക്ഷങ്ങളുടെ കടം ആണ് അഫാന്റെ കുടുംബത്തിനുണ്ടായിരുന്നത്. ഇത് തന്നെയാണ് കൂട്ടക്കൊലയിലേക്കു നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയെന്നാണ് റിപ്പോര്‍ട്ട് .
അഫാന്റെ പിതാവിന്റെ വിദേശത്തെ ബാധ്യത കൂടാതെ കുടുംബത്തിന് 65 ലക്ഷം രൂപയുടെ കടമുണ്ടായിരുന്നുവെന്നാണ് പ്രതിയുടെ മൊഴി. നിരവധി പേര്‍ക്ക് വന്‍ തുകകള്‍ നല്‍കാനുണ്ട്. ഇത് കൂടാതെ ചിട്ടി പിടിച്ച തുകകളും തിരിച്ചടയ്ക്കാനായില്ല.പിടിച്ചുനില്‍ക്കാന്‍ പണം കടം വാങ്ങി തിരിച്ചും മറിച്ചും നല്‍ക്കുകയായിരുന്നു ഇതുവരെ. എന്നാല്‍ ഇവര്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായെന്ന് അറിഞ്ഞതോടെ ആളുകള്‍ പണം നല്‍കാതെയായി.
അഫാന്റെ പിതാവ് റഹീം സൗദിയില്‍ വ്യാപാരസ്ഥാപനം നടത്തി കടക്കെണിയിലായിരുന്നു. ഇയാളും ഏഴുമാസത്തിലേറെയായി പണം അയക്കാറില്ല. വീട് വിറ്റ് സൗദിയിലേക്കു പണം അയക്കാന്‍ റഹിം ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് കുടുംബത്തില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു.റഹിമിന് നാട്ടില്‍നിന്നു കുടുംബം പണമയച്ചു നല്‍കിയിട്ടുണ്ടോ എന്നത് പോലീസ് പരിശോധിക്കുന്നുണ്ട്.
അഫാന്റെ മാതാവ് ഷമി കാന്‍സര്‍ രോഗ ബാധിതയായിരുന്നു. ഷെമിയുടെ ചികിത്സയ്ക്കുപോലും പണം ഇല്ലാത്ത അവസ്ഥ വന്നതോടെ കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നു. ഷെമിക്ക് ആത്മഹത്യ ചെയ്യാന്‍ ഭയമായിരുന്നതിനാലാണ് അത് വേണ്ടന്ന് വെച്ചത്. ആത്മഹത്യയില്‍ എല്ലാവരും മരിച്ചില്ലെങ്കിലോ എന്നുകരുതിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഫാന്റെ മൊഴിയിലുളളതായി സൂചന.
മുത്തശ്ശി സല്‍മാബീവിയെ കൊലപ്പെടുത്തിയശേഷം അവരില്‍ നിന്നും എടുത്ത മാല ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചപ്പോള്‍ ലഭിച്ച തുകയില്‍ 40,000 രൂപ ചിലരുടെ കടംവീട്ടാനുപയോഗിച്ചു. നാലുദിവസത്തെ നിരീക്ഷണത്തിന് ശേഷം അഫാനെ ആശുപത്രിയില്‍ വെച്ചുതന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് റൂറല്‍ എസ്.പി. കെ.എസ്.സുദര്‍ശനന്‍ പറഞ്ഞു.