by webdesk2 on | 26-02-2025 03:15:19
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വര്‍ക്കേഴ്‌സിന്റെ സമരത്തില്‍ നടപടിയുമായി പൊലീസ്. മഹാസംഗമത്തില്‍ പങ്കെടുത്ത പതിനാല് പേര്‍ക്ക് പൊലീസ് നോട്ടീസ് അയച്ചു. ഉദ്ഘാടകന്‍ ജോസഫ് സി മാത്യു, കെ ജി താര തുടങ്ങിയവരോട് 48 മണിക്കൂറിനകം കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നാണ് നിര്‍ദേശം.
അതെസമയം പതിനേഴാം ദിവസത്തിലേയ്ക്ക് കടന്ന സമരത്തിന് പിന്തുണ ഏറുകയാണ്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ സെക്രട്ടറിയേറ്റിലെ സമരപ്പന്തലില്‍ എത്തി. ഫെബ്രുവരി 27 വ്യാഴാഴ്ച രാവിലെ എല്ലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലും എല്ലാ പഞ്ചായത്ത് ഓഫീസിന് മുന്നിലും ഈ സര്‍ക്കുലര്‍ കത്തിച്ച് പ്രതിഷേധിക്കും. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുക്കും. മാര്‍ച്ച് 3തിങ്കളാഴ്ച ഡിസിസികളുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും മറ്റുജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും പ്രതിഷേധ പ്രകടനവും നടത്തും.
ആശമാര്‍ക്ക് സ്ഥിര നിയമനം നല്‍കണമെന്ന് ഐഎന്‍ടിയുസി ആവശ്യപ്പെട്ടു. തുടര്‍ച്ചയായി അഞ്ചുവര്‍ഷം സേവനം പൂര്‍ത്തീകരിച്ചവര്‍ക്ക് ഏതെങ്കിലും തസ്തികയില്‍ സ്ഥിരനിയമനം നല്‍കണമെന്ന് സംസ്ഥാന അധ്യക്ഷന്‍ ആര്‍. ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു. സമരം ന്യായമാണെങ്കിലും ഓണറേറിയം വര്‍ധിപ്പിക്കുക മാത്രമല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.