by webdesk2 on | 26-02-2025 10:19:40 Last Updated by webdesk3
തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്ത കേരളത്തില്‍ കെപിസിസി നേതൃമാറ്റത്തിന് കോണ്‍ഗ്രസ്. കെ സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. അധ്യക്ഷസ്ഥാനത്തേക്ക് അടൂര്‍ പ്രകാശ്, ബെന്നി ബഹനാന്‍, റോജി എം ജോണ്‍ എന്നിവരുടെ പേരുകള്‍ക്കാണ് മുന്‍തൂക്കം. ഡിസിസി അധ്യക്ഷന്‍മാര്‍ക്കും മാറ്റം ഉണ്ടായേക്കും.
ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന കെ സുധാകരനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം ഏറെനാളായി ശക്തമാണ്. മത-സാമുദായിക,ഗ്രൂപ്പ് സന്തുലനം പാലിച്ചാകും പുതിയ അധ്യക്ഷനെ തീരുമാനിക്കുക. ഈഴവ സമുദായത്തില്‍ നിന്ന് തന്നെയാണ് പുതിയ അധ്യക്ഷനെങ്കില്‍ അടൂര്‍ പ്രകാശിനാണ് സാധ്യത. എന്നാല്‍ കേരള കോണ്‍ഗ്രസ് വിട്ട് പോയതോടെ യുഡിഎഫില്‍ ക്രിസ്ത്യന്‍ നേതാക്കള്‍ ഇല്ലാതായെന്ന പരാതിയുണ്ട്. അങ്ങനെയെങ്കില്‍ ബെന്നി ബഹനാനോ റോജി എം.ജോണിനോ നറുക്കുവീഴും. ആന്റോ ആന്റണിയും അധ്യക്ഷപദവി ആഗ്രഹിക്കുന്നുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയ കേരളത്തിലും അസമിലും നേതൃമാറ്റം അനിവാര്യമാണെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. അസം സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഗൗരവ ഗോഗോയ് എത്തിയേക്കും. വയനാട് അടക്കം 10 ഡിസിസി അധ്യക്ഷമാരെയും മാറ്റാനാണ് നീക്കം. വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചേരുന്ന യോഗം തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യും. വെള്ളിയാഴ്ച നടക്കുന്ന യോഗത്തില്‍ ശശി തരൂര്‍ വിഷയം ചര്‍ച്ചയാകില്ല.