by webdesk2 on | 25-02-2025 12:00:10
ആലപ്പുഴ: മകനെതിരായ കഞ്ചാവ് കേസില്‍ യു പ്രതിഭ എംഎല്‍എയുടെ മൊഴിയെടുത്തു. പ്രതിഭ നല്‍കിയ പരാതിയിലാണ് മൊഴിയെടുത്തത്. മകന്‍ കനിവിന്റെയും മൊഴി രേഖപ്പെടുത്തി. ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എസ് അശോക് കുമാറാണ് തകഴിയിലെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയത്.
എക്‌സൈസിന്റെ നടപടിയില്‍ വീഴ്ച ഉണ്ടായി എന്ന് എംഎല്‍എ മൊഴി നല്‍കി. കഞ്ചാവ് ഉപയോഗിച്ചതിന് കേസെടുത്തത് മെഡിക്കല്‍ പരിശോധനയില്ലാതെയാണ്. മകനെ എക്‌സൈസ് സംഘം ദേഹോപദ്രവമേല്‍പ്പിച്ചു. അതില്‍ ഭയന്നാണ് മകന്‍ കുറ്റം സമ്മതിച്ചതെന്നും യു പ്രതിഭ മൊഴി നല്‍കി. ലഹരി കൈവശം വെച്ചതായി കണ്ടെത്താതെ മകനെ സ്റ്റേഷനില്‍ തടഞ്ഞുവെച്ചു. മകനെ മനപ്പൂര്‍വം കേസില്‍ പ്രതിയാക്കിയെന്നും പ്രതിഭ മൊഴി നല്‍കി.
കഞ്ചാവ് ഉപയോഗിച്ചതിനും കൈവശം വെച്ചതിനും യു പ്രതിഭ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ എക്‌സൈസ് കേസെടുത്തത് കഴിഞ്ഞ നവംബറിലാണ്. എന്നാല്‍ മകനെതിരെ ചുമത്തിയത് കള്ളക്കേസ് ആണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എംഎല്‍എ. ഇത് സംബന്ധിച്ച് സിപിഐഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എക്‌സൈസ് വകുപ്പ് മന്ത്രിക്കും യു പ്രതിഭ പരാതി നല്‍കുകയായിരുന്നു.