by webdesk3 on | 25-02-2025 11:53:50 Last Updated by webdesk3
പാതിവില തട്ടിപ്പു കേസില്‍ റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്ന് പോലീസ്. രാമചന്ദ്രന്‍നായര്‍ക്കെതിരെ നിലവില്‍ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനം. നടപടിക്രമങ്ങള്‍ പാലിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.
ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായരെ പ്രതിയാക്കി കേസെടുത്ത പെരിന്തല്‍മണ്ണ പൊലീസിന്റെ നടപടിക്കെതിരെയുള്ള പൊതുതാല്‍പര്യ ഹര്‍ജിയാണ് ഡിവിഷന്‍ ബഞ്ച് പരിഗണിച്ചത്. പൊലീസിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ഉന്നത സ്ഥാനത്തുള്ളവരെ പ്രതിചേര്‍ക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കാന്‍ സംസ്ഥാന ആഭ്യന്ത വകുപ്പിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.
പാതിവില തട്ടിപ്പില്‍ പെരിന്തല്‍മണ്ണ പൊലീസാണ് റിട്ട ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പ്രതിചേര്‍ത്തത്. ഇതിനെതിരെ ഒരു കൂട്ടം അഭിഭാഷകരാണ് പൊലീസ് നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തതെന്ന് അഭഭാഷകര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.