by webdesk2 on | 25-02-2025 11:06:40
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശാ വര്‍ക്കറുമാര്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് ഉത്തരവ്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് ഡയറക്ടറാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. പണിമുടക്കുന്നവര്‍ അടിയന്തരമായി ജോലിയില്‍ കയറണമെന്നാണ് അന്ത്യശാസനം.
ശമ്പള വര്‍ധനവ് അടക്കം ആവശ്യപ്പെട്ട് സെക്രെട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കാര്‍മാര്‍ നടത്തുന്ന രാപ്പകല്‍ സമരം 15 ദിവസങ്ങള്‍ പിന്നിട്ട സാഹചര്യത്തിലാണ് കടുത്ത നടപടിയിലേക്ക് സര്‍ക്കാര്‍ കടക്കുന്നത്. ആശാ വര്‍ക്കറുമാര്‍ ജോലിയില്‍ കയറാത്ത പക്ഷം ബദല്‍ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. തദ്ദേശ വകുപ്പുകളുമായി ബന്ധപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇതിന് നടപടിയെടുക്കണം. ആരോഗ്യവകുപ്പിലെ സന്നദ്ധ പ്രവര്‍ത്തകരെ പകരം ഉപയോഗിക്കാമെന്നും സര്‍ക്കുലറില്‍ പറയുന്നു
സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാ വര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രണ്ടാഴ്ചയായിട്ടും വീണ്ടും ചര്‍ച്ചയ്ക്ക് വിളിക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വലിയ പിന്തുണയാണ് സമരത്തിന് ലഭിക്കുന്നത്. ആശാ വര്‍ക്കര്‍മാര്‍ക്ക് മൂന്നുമാസ കുടിശ്ശികയില്‍ നിന്ന് രണ്ടുമാസ കുടിശ്ശികയുടെ പണം സര്‍ക്കാര്‍ അനുവദിച്ചിരുന്നു. എന്നാല്‍ ഓണറ്റേറിയം അനുവദിച്ചിട്ടും ഒരു മാസത്തെ ശമ്പളം മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നാണ് ആശമാര്‍ പറയുന്നത്.