by webdesk3 on | 25-02-2025 10:37:33 Last Updated by webdesk3
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മനുഷ്യനെ വന്യമൃഗങ്ങള്‍ക്ക് കുരുതി കൊടുക്കുകയാണെന്ന് കെ സുധാകരന്‍. മനുഷ്യജീവന് സുരക്ഷ ഒരുക്കുന്നതില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതിന്റെ ഫലമായിട്ടാണ് ആറളത്ത് ആദിവാസി ദമ്പതികളുടെ ജീവന്‍ നഷ്ട്ടപ്പെട്ടത്. വന്യജീവി ആക്രമണം തടയാന്‍ സര്‍ക്കാരുകള്‍ സ്വീകരിച്ചു എന്ന് പറയപ്പെടുന്ന നടപടികള്‍ കടലാസില്‍ മാത്രമാണുള്ളത്.
ആനകളെ പ്രതിരോധിക്കാനുള്ള ആറളത്തെ ആനമതില്‍ നിര്‍മ്മാണത്തില്‍ ഗുരുതരമായ അലംഭാവമുണ്ടായിട്ടുണ്ട്. അടിക്കാട് വെട്ടിതെളിക്കെണമെന്ന് പ്രദേശവാസികള്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും സര്‍ക്കാരത് കൂട്ടാക്കിയില്ല എന്നത് മനുഷ്യ ജീവനേക്കാള്‍ അധികം വന്യമൃഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിന് ഉദാഹരണമാണ്. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ 14ല്‍ പരം സാധാരണക്കാരാണ് ആറളത്ത് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഒട്ടും സുരക്ഷിതമല്ലാത്ത സാഹചര്യത്തിലാണ് ഇവിടെ കുടുംബങ്ങളെ അധിവസിപ്പിച്ചിരിക്കുന്നത്. അവരുടെ ജീവിതഭയവും ആശങ്കയും അകറ്റാനുള്ള ശാശ്വത പരിഹാരം കാണുന്നതില്‍ വനംവകുപ്പും സര്‍ക്കാരുകളും നിസ്സംഗത തുടരുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
വന്യജീവികളുടെ ആക്രമണം തടയാന്‍ ആവശ്യമായ തുക അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരും മലയോരജനതയെ കാട്ടുമൃഗങ്ങള്‍ക്ക് വേട്ടയാടാന്‍ എറിഞ്ഞു കൊടുക്കുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ അനങ്ങാപ്പാറ നയങ്ങളാണ് മനുഷ്യജീവനുകള്‍ നഷ്ടപ്പെടുന്നതിനു കാരണം. മലയോരമേഖലയിലെ സാധാരണക്കാരെ വന്യമൃഗ അക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതില്‍ കാണിക്കുന്ന അനാസ്ഥ വനംവകുപ്പും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ഉപേക്ഷിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടാകും എന്നും സുധാകരന്‍ പറഞ്ഞു.