by webdesk2 on | 25-02-2025 07:41:15 Last Updated by webdesk3
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിലെ കൂട്ടക്കുരുതിയില്‍ വിറങ്ങലിച്ചിരിക്കുകയാണ് നാട്. സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ ക്രൂരമായി കൊലപ്പെടുത്തിയ അഫാന്‍ ലഹരിക്ക് അടിമയെന്നാണ് പൊലീസ് പറയുന്നത്. അതെസമയം കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രണയവും പണവും എന്ന് സൂചന.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് അഫാന്‍ ഫര്‍സാനയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുവന്നത്. വെഞ്ഞാറമൂട് സ്വദേശിയായ ഫര്‍സാനയും അഫാനുമായി കുറച്ച് കാലമായി പ്രണയത്തിലായിരുന്നു. എന്നാല്‍ പിതാവിന്റെ മാതാവ് സല്‍മാ ബീവി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ എതിര്‍ത്തുവെന്ന് നാട്ടുകാര്‍ പറയുന്നു.
ഇന്നലെ വൈകിട്ടോടെ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയ അഫാന്‍ ക്രൂരകൃത്യം പൊലീസിനെ അറിയിച്ചതോടുകൂടിയാണ് തലസ്ഥാനത്തെ നടുക്കിയ കൂട്ടക്കുരുതിയുടെ വിവരങ്ങള്‍ പുറത്തറിയുന്നത്. 3 വീടുകളിലായി 6 പേരെ കൊലപ്പെടുത്തിയതായാണ് യുവാവ് മൊഴി നല്‍കിയത്. പ്രതിയുടെ സഹോദരന്‍, പെണ്‍സുഹൃത്ത്, പിതാവിന്റെ അമ്മ, ബന്ധുക്കളായ രണ്ട് പേര്‍ എന്നിങ്ങനെ അഞ്ച് പേരെയാണ് അഫാന്‍ കൊലപ്പെടുത്തിയത്. ഗുരുതര പരുക്കേറ്റ പ്രതിയുടെ മാതാവ് ചികിത്സയിലാണ്.
മാതാവിനെ ആക്രമിച്ചായിരുന്നു ക്രൂരകൃത്യത്തിന്റെ തുടക്കം. മാതാവിന്റെ കഴുത്തില്‍ ഷാള്‍ കുരുക്കിയ ശേഷം നിലത്തേക്ക് എറിഞ്ഞു. തലയിടിച്ച് ബോധരഹിതയായ മാതാവിനെ മുറിക്കുള്ളിലാക്കിയ ശേഷം പ്രതി പോയത് പാങ്ങോടുള്ള പിതൃമാതാവിന്റെ വീട്ടിലേക്ക്. ആഭരണം ചോദിച്ച് തര്‍ക്കമായതോടെ സല്‍മാ ബീവിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. പിന്നീട് പിതാവിന്റെ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തുകയായിരുന്നു. ശേഷം പെണ്‍സുഹൃത്ത് ഫര്‍സാനയുടേയും സഹോദരന്റെയും ജീവനെടുത്തു. കൂട്ടക്കൊലയ്ക്ക് പിന്നാലെ എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച അഫാന്‍ തിരുവനന്തപുരം മെഡി.കോളജില്‍ ചികിത്സയിലാണ്.
ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട ശേഷമാണ് പ്രതി പോലീസ് സ്റ്റേഷനിലേക്ക് പോയി കുറ്റം ഏറ്റുപറഞ്ഞത്. അഫാന്റെ പിതാവ് വിദേശത്താണ്. കുടുംബത്തിന് സാമ്പത്തിക ബാധ്യതയടക്കം ഉള്ളതായാണ് വിവരം. ഫര്‍സാനയുമായുള്ള പ്രണയം വീട്ടുകാര്‍ നിരസിച്ചതും കൂട്ടക്കൊലയ്ക്ക് കാരണമായോ എന്നും പരിശോധിക്കുന്നുണ്ട്.