by webdesk2 on | 24-02-2025 07:23:44 Last Updated by webdesk3
ചാനല്‍ ചര്‍ച്ചയ്ക്കിടയില്‍ മത വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് ഇന്ന് പോലീസ് സ്റ്റേഷനില്‍ ഹാജരാകും. തിങ്കളാഴ്ച ഹാജാരാകുമെന്നാണ് മകന്‍ ഷോണ്‍ ജോര്‍ജ് ഈരാറ്റുപേട്ട സ്റ്റേഷനില്‍ അറിയിച്ചത്. 11 മണിയോടെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലോ, പാലാ ഡിവൈഎസ്പിക്ക് മുമ്പാകെയോ ഹാജരാകാന്‍ ആണ് നീക്കം. ഹാജരാക്കുകയാണെങ്കില്‍ പി.സി ജോര്‍ജിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തും.
ശനിയാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കാന്‍ ഡിവെഎസ്പി വീട്ടില്‍ എത്തിയെങ്കിലും പി.സി ജോര്‍ജ് ഇല്ലാത്തതിനാല്‍ പൊലീസ് മടങ്ങിപ്പോയി. ഇതിന് പിന്നാലെയാണ് ഇന്ന് ഹാജരാകാം എന്ന് കാണിച്ച് പി.സി ജോര്‍ജ് കത്ത് നല്‍കിയത്. പാര്‍ട്ടിയുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നാണ് മകന്‍ ഷോണ്‍ ജോര്‍ജും അറിയിച്ചിരുന്നു. പി.സിക്ക് പിന്തുണ നല്‍കുമെന്ന് ബിജെപി പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കനത്ത സുരക്ഷ അടക്കം ഉറപ്പാക്കാനും പൊലീസ് തീരുമാനിച്ചു.
ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മുപ്പതുവര്‍ഷത്തോളം എം.എല്‍.എ. ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോര്‍ജിന് രാഷ്ട്രീയക്കാരനായി തുടരാന്‍ അര്‍ഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു. സ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്.