by webdesk2 on | 23-02-2025 02:25:29 Last Updated by webdesk3
കൊല്ലം: പുനലൂര്‍ - കൊല്ലം പാതയില്‍ റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് എടുത്തുവച്ചത് അട്ടിമറിക്കു വേണ്ടിയെന്ന് എഫ്‌ഐആര്‍. ട്രെയിന്‍ യാത്രക്കാരെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികള്‍ ഈ പ്രവര്‍ത്തി ചെയ്തതെന്നും എഫ്‌ഐആറിലുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ 1.20ന് നെടുമ്പായിക്കുളം പഴയ അഗ്‌നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണു പോസ്റ്റ് കണ്ടെത്തിയത്.
സംഭവത്തില്‍ ഇളമ്പള്ളൂര്‍ സ്വദേശി അരുണ്‍ (39), പെരുമ്പുഴ പാലപൊയ്ക സ്വദേശി രാജേഷ് (33) എന്നിവര്‍ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. പെരുമ്പുഴ ബാറിനു സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ഇവര്‍ക്കെതിരെ ബിഎന്‍എസ്, റെയില്‍വേ ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തത്. 20 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവര്‍.
കഴിഞ്ഞ ദിവസമാണ് ആറുമുറിക്കട പഴയ ഫയര്‍സ്‌റ്റേഷന് സമീപത്തുള്ള റെയില്‍വേ ട്രാക്കിന് കുറുകെയാണ് ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളായ യുവാക്കള്‍ ഗേറ്റ് കീപ്പറെ വിവരം അറിയിക്കുകയായിരുന്നു. ഏഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് നീക്കം ചെയ്ത് പരിശോധനയും നടത്തി മടങ്ങി. എന്നാല്‍ പുലര്‍ച്ചെ ആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ വീണ്ടും ട്രാക്കില്‍ പോസ്റ്റ് കണ്ടെത്തി. രണ്ടാമത് പോസ്റ്റ് കണ്ടെത്തിയത് പാലരുവി എക്‌സ്പ്രസ് കടന്നുപോകുന്നതിന് തൊട്ട് മുന്‍പായിരുന്നു. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്.