News Kerala

പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എനിക്ക് മുന്നില്‍ മറ്റുവഴികളുണ്ട്; കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍

Axenews | പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എനിക്ക് മുന്നില്‍ മറ്റുവഴികളുണ്ട്; കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍

by webdesk2 on | 23-02-2025 09:40:33 Last Updated by webdesk3

Share: Share on WhatsApp Visits: 47


പാര്‍ട്ടിക്ക് വേണ്ടെങ്കില്‍ എനിക്ക് മുന്നില്‍ മറ്റുവഴികളുണ്ട്;   കോണ്‍ഗ്രസിന് താക്കീതുമായി ശശി തരൂര്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വ്യവസായരംഗത്തെ പുകഴ്ത്തി ലേഖനമെഴുതിയെന്ന വിവാദം കെട്ടടങ്ങും മുന്‍പേ പുതിയ പരാമര്‍ശങ്ങളുമായി ശശി തരൂര്‍ വീണ്ടും രംഗത്ത്. കോണ്‍ഗ്രസിനെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന പരാമര്‍ശങ്ങളാണ് തരൂര്‍ നടത്തിയിരിക്കുന്നത്. പാര്‍ട്ടിക്ക് തന്റെ സേവനങ്ങള്‍ ആവശ്യമില്ലെങ്കില്‍ തന്റെ മുന്‍പില്‍ മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍. കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതൃപ്രതിസന്ധി അഭിമുഖീകരിക്കുന്നുണ്ട്. കഠിനാധ്വാനം ചെയ്തില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നാമതും തിരിച്ചടി നേരിടേണ്ടിവന്നേക്കും. ദേശീയതലത്തിലും തിരിച്ചടിക്ക് സാധ്യതയുണ്ട്. കാരണം ഘടകകക്ഷികള്‍ തൃപ്തരല്ലെന്നും ശശി തരൂര്‍ പറഞ്ഞു. തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ശശി തരൂര്‍ ഈ മുന്നറിയിപ്പ് നല്‍കിയത്.

പാര്‍ട്ടി ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഞാന്‍ പാര്‍ട്ടിക്ക് വേണ്ടി ഉണ്ടാകും. ഇല്ലെങ്കില്‍ എനിക്ക് എന്റേതായ കാര്യങ്ങള്‍ ചെയ്യാനുണ്ട്. എനിക്ക് വേറെ വഴിയില്ലെന്ന് നിങ്ങള്‍ കരുതരുത്. എന്റെ പുസ്തകങ്ങള്‍, പ്രസംഗങ്ങള്‍ അങ്ങനെ ആ വഴിക്ക്. ഒരു പ്രസംഗം നടത്താന്‍ ലോകമെമ്പാടുമുള്ള ക്ഷണങ്ങള്‍ എനിക്കുണ്ട്, തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസിനെ എതിര്‍ക്കുന്നവര്‍പോലും തിരുവനന്തപുരത്ത് തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്ന് തരൂര്‍ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ സംസാരവും പെരുമാറ്റവുമെല്ലാം തിരുവനന്തപുരംകാര്‍ക്ക് ഇഷ്ടമാണ്. ആ രീതിയിലുള്ള ഇടപെടലാണ് 2026ലും പാര്‍ട്ടിക്ക് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടുചെയ്ത ജനം തനിക്ക് അഭിപ്രായ സ്വാതന്ത്ര്യംകൂടിയാണ് തന്നിരിക്കുന്നത്. കോണ്‍ഗ്രസിലെ മറ്റുള്ളവരും തന്റെ അതേ അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു നേതാവിന്റെ അഭാവമുണ്ടെന്ന് നിരവധി പ്രവര്‍ത്തകര്‍ കരുതുന്നുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ തൃപ്തിയില്ലെന്നാണ് ശശി തരൂരിന്റെ പുതിയ പരാമര്‍ശങ്ങള്‍ സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ടുള്ള നീക്കമാണ് ശശി തരൂരിന്റെ പുതിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

അതേസമയം ശശി തരൂരിന്റെ നീക്കങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താനാണെന്ന് AICC വൃത്തങ്ങള്‍ പ്രതികരിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷമാണ് അദ്ദേഹത്തെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. തരൂരിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ വ്യക്തമാക്കി.


Share:

Search

Recent News
Popular News
Top Trending


Leave a Comment