by webdesk2 on | 23-02-2025 07:48:54 Last Updated by webdesk3
ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കം തകര്‍ന്ന് കുടുങ്ങിയ എട്ട് തൊഴിലാളികളെ പുറത്തെത്തിക്കാനുളള രക്ഷാദൗത്യത്തിന് സൈന്യം ഇറങ്ങും. സൈന്യത്തിന്റെ എഞ്ചിനീയറിങ് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി. കരസേന, ദേശീയ ദുരന്ത നിവാരണ സേന തുടങ്ങിയവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാലിന്റെ (എസ്.എല്‍.ബി.സി) നിര്‍മാണം പുരോഗമിക്കുന്ന തുരങ്കത്തിലാണ് അപകടമുണ്ടായത്. തുരങ്കത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ട് എന്‍ജീനിയര്‍മാരും രണ്ട് മെഷിന്‍ ഓപ്പറേറ്റര്‍മാരും നാല് തൊഴിലാളികളുമാണ് കുടുങ്ങിയത്. രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമെന്ന് സൈന്യം അറിയിച്ചു.
ടണലില്‍ കുടുങ്ങിയ തൊഴിലാളികളുമായി ആശയവിനിമയം നടത്താന്‍ നിലവില്‍ സാധിക്കുന്നില്ലെന്ന് കളക്ടര്‍ പറഞ്ഞു. തുരങ്കത്തിനുള്ളിലെ ആശയവിനിമയ സംവിധാനം തകരാറിലായിട്ടുണ്ട്. എയര്‍ ചേംബറുകളും കണ്‍വെയര്‍ ബെല്‍റ്റുമടക്കം തകര്‍ന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.
നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം ഫെബ്രുവരി പതിനെട്ടിനാണ് തുറന്നത്. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായവും നല്‍കുമെവന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ അറിയിച്ചു.